രാവിലെ പത്തിലധികം പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് തജീന്ദർ ബഗ്ഗയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
ദില്ലി: പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ദില്ലി ബിജെപി നേതാവ് തജീന്ദർ പൽ സിങ് ബഗ്ഗയെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച് ദില്ലി പൊലീസ്. പഞ്ചാബിലേക്ക് കൊണ്ടുപോകും വഴി ഹരിയാന പൊലീസാണ് സംഘത്തെ തടഞ്ഞ് നേതാവിനെ ദില്ലി പൊലീസിന് കൈമാറിയത്.
ദില്ലിയില്‍ ബിജെപി നേതാവിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അസാധാരണ സംഭവങ്ങളാണ് അരങ്ങേറിയത്. രാവിലെ പത്തിലധികം പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് തജീന്ദർ ബഗ്ഗയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. വിദ്വേഷം, മതവൈരം, ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയായാരുന്നു അറസ്റ്റ്. കെജ്രിവാളിനെ വെറുതെ വിടില്ലെന്ന ട്വീറ്റിൻറെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ മകനെ തട്ടിക്കൊണ്ട് പോയെന്ന തജീന്ദർ ബഗ്ഗയുടെ പിതാവിന്‍റെ പരാതിയില്‍ പിന്നാലെ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല.
മൊഹാലിയിലേക്കുള്ള യാത്രാ മധ്യേ കുരുക്ഷേത്രയിലെത്തിയ പഞ്ചാബ് പൊലീസിനെ നാടകീയമായി ഹരിയാന പൊലീസ് തടഞ്ഞു. നിയമപ്രകാരമുള്ള അറസ്റ്റാണെന്നും തട്ടിക്കൊണ്ട് പോകുകയല്ലെന്നുമുള്ള പഞ്ചാബ് പൊലീസിന്‍റെ വാദം ഹരിയാന പൊലീസ് മുഖവിലക്കെടുത്തില്ല. ദില്ലിയില്‍ നിന്നുള്ള പൊലീസ് സംഘം ഉച്ചയോടെ കുരുക്ഷേത്രയിലെത്തി ബിജെപി നേതാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. വിജയം ചിഹ്നം കാണിച്ചാണ് തജ്ജിന്ദർ ബഗ്ഗ ദില്ലി പൊലീസിനൊപ്പം പോയത്.
നടപടി ക്രമങ്ങള്‍ പാലിച്ചല്ല പഞ്ചാബ് പൊലീസ് തജ്ജിന്ദർ ബഗ്ഗയെ കൊണ്ടുപോയതെന്നാണ് ദില്ലി പൊലീസിന്‍റെ ആരോപണം. എന്നാല്‍ ചട്ടം പാലിച്ചാണ് അറസ്റ്റെന്നും ഉദ്യോഗസ്ഥർ ദില്ലി ജനക്പുരി സ്റ്റേഷനിലെത്തി അറസ്റ്റ് വിവരം അറിയിച്ചതായും പഞ്ചാബ് പൊലീസ് പറഞ്ഞു. ഇതിനിടെ ബഗ്ഗയെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനെതിരെ പഞ്ചാബ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇത് തടഞ്ഞില്ല. എന്നാൽ എന്തുകൊണ്ടാണ് ഇടപെട്ടതെന്ന് വ്യക്തമാക്കാൻ ഹരിയാന പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ രണ്ട് പൊലീസ് സേനകൾക്കിടയിലെ പോരാണെങ്കിലും ആംആദ്മി പാർട്ടിക്കും ബിജെപിക്കുമിടയിലെ രാഷ്ട്രീയ ഏറ്റുമുട്ടലിലേക്കാണ് നാടകീയ സംഭവങ്ങള്‍ വഴി വെച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ദില്ലി പൊലീസും ബിജെപി ഭരിക്കുന്ന ഹരിയാന പൊലീസുമാണ് പഞ്ചാബിലെ ആംആദ്മി സർക്കാരിനെതിരെ രംഗത്ത് വന്നത്. ദില്ലിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ബിജെപി പ്രതിഷേധവുമായി എത്തി. പഞ്ചാബിൽ ആദം ആദ്മി പാർട്ടി അധികാരത്തിൽ വന്ന സാഹചര്യത്തിൽ ഇനി നടക്കാൻ പോകുന്ന നീക്കങ്ങളുടെ സാംപിൾ കൂടിയാണ് കുരുക്ഷേത്രയിൽ അരങ്ങേറിയതെന്ന് വ്യക്തമാണ്.
അതിനിടെ തജിന്ദർ ബഗ്ഗയെ പിന്തുണച്ചും ആംആദ്മി സർക്കാരിനെ വിമർശിച്ചും പഞ്ചാബിലെ വിമത കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു രംഗത്തെത്തി. ബഗ്ഗ വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്ന ആളാകാം എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം അംഗീകരിക്കാനാകില്ലെന്ന് സിദ്ദു ട്വീറ്റ് ചെയ്തു. വ്യക്തി താല്‍പ്പര്യങ്ങള്‍ പഞ്ചാബ് പൊലീസിനെ ഉപയോഗിച്ച് നടത്തുന്നത് ഗുരുതര കുറ്റമാണെന്നും രാഷ്ട്രീയ വല്‍ക്കരിച്ച് പൊലീസിന്‍റെ പ്രതിച്ഛായ നശിപ്പിക്കരതെന്നും സിദ്ദു വിമർശിച്ചു.
