രാജിവെച്ച ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും. പ്രധാൻ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും അദ്ദേഹത്തിന്റെ രാജി ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്നും നിതിൻ നവീൻ അഭിപ്രായപ്പെട്ടു

ദില്ലി: നീറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥി പ്രതിഷേധത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്ന ധർമ്മേന്ദ്ര പ്രധാനെ പിന്തുണച്ചും പുകഴ്ത്തിയും ബി ജെ പി നേതൃത്വവും കേന്ദ്രമന്ത്രിമാരും രംഗത്തെത്തി. പ്രധാൻ മികച്ച രീതിയിലാണ് മന്ത്രാലയം ഭരിച്ചതെന്നും രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അഭിപ്രായപ്പെട്ടു. പൊതുജീവിതത്തിലെ ഉന്നത മൂല്യങ്ങളും നിസ്വാർത്ഥ സേവനവുമാണ് അദ്ദേഹത്തിന്റെ രാജിയെന്നും പാർട്ടി പൂർണ്ണമായി പ്രധാനൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയം (NEP 2020) വിജയകരമായി നടപ്പിലാക്കുന്നതിലും രാജ്യത്തിന്‍റെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിലും പ്രധാൻ നിർണ്ണായക പങ്കുവഹിച്ചതായി നിതിൻ നവീൻ എക്സിൽ കുറിച്ചു. വലിയ പൊതുതാൽപ്പര്യങ്ങൾ മുൻനിർത്തി രാജിവെക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയാണെന്നും പാർട്ടി അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാഴ്ത്തി കിരൺ റിജിജു

ധർമ്മേന്ദ്ര പ്രധാന്റെ ദീർഘകാലത്തെ പൊതുപ്രവർത്തനവും സേവനവും മാതൃകാപരമാണെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടത്. ദശലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകിയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും കേന്ദ്ര മന്ത്രിസഭയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും റിജിജു എക്സിൽ കുറിച്ചു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കാട്ടിയ ധൈര്യത്തിനും ആത്മാർത്ഥതയ്ക്കും നന്ദി അറിയിച്ച റിജിജു, പ്രധാന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകളും നേർന്നു.

സി ജെ പിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെയാണ് ഒടുവിൽ സർക്കാരിന്‍റെയും മന്ത്രിയുടെയും കീഴടങ്ങൽ. സി ജെ പിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിശ്ചയിച്ചിരുന്ന മൂന്നാം വട്ട ചര്‍ച്ചക്ക് തൊട്ട് മുന്‍പാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സംഭവങ്ങളില്‍ താന്‍ അതീവ ദുഃഖിതനാണെന്നും, ദേശ വിരുദ്ധ ശക്തികള്‍ക്ക് രാജ്യത്തെ വിട്ടുകൊടുക്കാതിരിക്കാനാണ് രാജിയെന്നും സമൂഹമാധ്യമത്തിലിട്ട വിശദമായ കുറിപ്പില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ അഭിപ്രായപ്പെട്ടു.

YouTube video player