Asianet News MalayalamAsianet News Malayalam

ചിരാഗിന്‍റെ പിന്തുണ വേണ്ടേ വേണ്ട; നിലപാട് വ്യക്തമാക്കി ബിജെപി ദേശീയ നേതൃത്വം

കേന്ദ്രത്തിലെ സഖ്യം ചൂണ്ടിക്കാട്ടി ബിജെപിയില്‍ നിന്നകന്നിട്ടില്ലെന്ന ചിരാഗിന്‍റെ വാദം ശുദ്ധ തട്ടിപ്പാണെന്നാണ് ഭൂപേന്ദ്ര യാദവ് പറയുന്നത്. സഖ്യത്തില്‍ തുടരാന്‍ പല കുറി ആവശ്യപ്പെട്ടു. പക്ഷേ സ്വന്തം വഴി തെരഞ്ഞെടുത്ത ചിരാഗിന്‍റെ സഹായം ഇനി ബിജെപിക്ക് വേണ്ടെന്ന് ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.

bjp leadership slams chirag paswans claim that he is supporting modi
Author
Patna, First Published Oct 22, 2020, 7:37 AM IST

പാറ്റ്ന: എന്‍ഡിഎക്കെതിരെ മത്സരിക്കുമ്പോഴും പിന്തുണ മോദിക്കെന്ന ചിരാഗ് പാസ്വാന്‍റെ നിലപാട് തള്ളി ബിജെപി ദേശീയ നേതൃത്വം. ചിരാഗിന്‍റെ പിന്തുണ ബിജെപിക്കാവശ്യമില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. തേജസ്വി ചിരാഗ് കൂട്ടുകെട്ടെന്ന അഭ്യൂഹം എല്‍ജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഭൂപേന്ദ്ര യാദവ് പാറ്റ്നയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നിതീഷ് കുമാറാണ് ശത്രു. താന്‍ മോദിയുടെ ഹനുമാനാണ്. എന്‍ഡിഎക്കെതിരെ കലാപക്കൊടി ഉയര്‍ത്തുന്ന ചിരാഗ് ബിജെപിക്കെതിരല്ലെന്നാണ് ആവര്‍ത്തിക്കുന്നത്. കേന്ദ്രത്തിലെ സഖ്യം ചൂണ്ടിക്കാട്ടി ബിജെപിയില്‍ നിന്നകന്നിട്ടില്ലെന്ന ചിരാഗിന്‍റെ വാദം ശുദ്ധ തട്ടിപ്പാണെന്നാണ് ഭൂപേന്ദ്ര യാദവ് പറയുന്നത്. സഖ്യത്തില്‍ തുടരാന്‍ പല കുറി ആവശ്യപ്പെട്ടു. പക്ഷേ സ്വന്തം വഴി തെരഞ്ഞെടുത്ത ചിരാഗിന്‍റെ സഹായം ഇനി ബിജെപിക്ക് വേണ്ടെന്ന് ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.

തേജസ്വി യാദവ് മത്സരിക്കുന്ന രാഘവ് പൂര്‍ മണ്ഡലത്തില്‍ മുന്‍ ബിജെപി നേതാവിനെയാണ് എല്‍ജെപി ടിക്കറ്റില്‍ മത്സരിക്കാനിറക്കിയിരിക്കുന്നത്. ബിജെപിയും അവിടെ മത്സരിക്കുന്നു. ബിജെപി വോട്ടുകള്‍ ഭിന്നിപ്പിച്ച് തേജസ്വിക്ക് വഴിയൊരുക്കാനാണ് ചിരാഗിന്‍റെ നീക്കമെന്നും ഭൂപേന്ദ്ര യാദവ് ആരോപിക്കുന്നു.

അതേ സമയം ഇക്കുറി സീറ്റ് കിട്ടാത്തതില്‍ അതൃപ്തരായി ബിജെപി വിട്ട പല മുതിര്‍ന്ന നേതാക്കളുമാണ് എല്‍ജെപി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങുന്നത്. വിമതരെ രംഗത്തിറക്കി നടത്തുന്ന ചിരാഗിന്‍റെ നീക്കം ഫലത്തില്‍ ബിജെപിക്ക് തന്നെയാണ് തിരിച്ചടിയാകുന്നത്.

Follow Us:
Download App:
  • android
  • ios