സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍  ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തെഴുതിയതിന് പിന്നാലെ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ ബിജെപിയുടെ ഊര്‍ജിത ശ്രമം 

പനാജി: സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തെഴുതിയതിന് പിന്നാലെ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ ബിജെപിയുടെ ഊര്‍ജിത ശ്രമം. രോഗബാധിതനായതിനെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ പരീക്കര്‍ക്ക് പകരം പുതിയൊരു മുഖ്യമന്ത്രിയെ കണ്ടെത്തി ഭരണം പിടിച്ചുനിര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഗോവ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി എംഎല്‍എയുമായിരുന്ന ഫ്രാന്‍സിസ് ഡിസൂസ ഫെബ്രുവരിയില്‍ അന്തരിച്ചിരുന്നു. രണ്ട് ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുകയും ചെയ്തു. ഇതോടെ ഭരണപക്ഷത്തിന്റെ അംഗബലം 40ല്‍ നിന്ന് 37 ആയി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരണം എന്ന പഴയ ആവശ്യവുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തിയത്.

2017 ഫെബ്രുവരിയിലാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 17 എംഎല്‍എമാരുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍, സഖ്യകക്ഷികളുടെ പിന്തുണയോടെ ബിജെപി അധികാരത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് പല അവസരങ്ങളിലും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബിജെപി സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷമില്ലെന്നും അതുകൊണ്ട് സര്‍ക്കാര്‍ പിരിച്ചുവിട്ട് തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് അനുവാദം നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയത്.

അസുഖബാധിതനായ പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്തിയാല്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങളെ തടയിടാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തങ്ങളില്‍ ഒരാളാവണം എന്ന് ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഇതനുസരിച്ച് കാര്യങ്ങള്‍ വിലയിരുത്താനായി ദേശീയ നേതൃത്വം പ്രതിനിധികളെ ഇന്ന് ഗോവയിലേക്ക് അയയ്ക്കുമെന്നും സൂചനയുണ്ട്. സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടിയുമായും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും ഒപ്പമുള്ള മൂന്ന് സ്വതന്ത്രരുമായും അവര്‍ കൂടിയാലോചനകള്‍ നടത്തും. 

നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റേണ്ട സ്ഥിതിയില്ലെന്നും എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അതാണെങ്കില്‍ എതിര്‍ക്കില്ല എന്നുമാണ് ബിജെപി എംഎല്‍എമാരുടെ നിലപാട്.