ദില്ലി: മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി വിടവാങ്ങിയതോടെ, ഒന്‍പത് മാസത്തിനിടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാല് അതികായരുടെ വിയോഗമാണ് ബിജെപിയ്ക്ക് ഉണ്ടായിരിക്കുന്നത്. എച്ച്.എൻ. അനന്ത് കുമാർ, മനോഹർ പരീക്കർ, സുഷമ സ്വരാജ്, ഒടുവിൽ അരുണ്‍ ജയ്റ്റ്‍ലി. ആദ്യ നരേന്ദ്ര മോദി സർക്കാരിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തവരാണ് നാല് പേരും.

പാര്‍ട്ടിക്കതീതമായി ഏവരും ഇഷ്ടപ്പെട്ടിരുന്ന ജനകീയ മുഖങ്ങളാണ് വിടവാങ്ങിയ നാല് നേതാക്കളും. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ മന്ത്രിപദത്തിലിരിക്കെ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയിരുന്നവരാണ് നാല് പേരും. എച്ച്.എൻ. അനന്ത്കുമാർ 2018 നവംബറിൽ മന്ത്രിപദത്തിലിരിക്കെയാണ് മരണപ്പെടുന്നത്.

എച്ച്.എന്‍ അനന്ത് കുമാര്‍

പ്രതിരോധ മന്ത്രിയായിരിക്കെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിത്തുടങ്ങിയിരുന്നെങ്കിലും പാർട്ടിക്കു വേണ്ടി ഗോവൻ രാഷ്ട്രീയത്തിലേക്കു മടങ്ങിയ പരീക്കർ അവിടെ മുഖ്യമന്ത്രിയായിരിക്കെ ഇക്കഴിഞ്ഞ മാർച്ചിലാണു മരണത്തിനു കീഴടങ്ങിയത്. അരുണ്‍ ജെയ്റ്റ്‍ലി കൈകാര്യം ചെയ്തിരുന്ന പ്രതിരോധ വകുപ്പിലേക്കാണു പരീക്കർ മന്ത്രിയായെത്തിയത്. പരീക്കർ മുഖ്യമന്ത്രിയായി മടങ്ങിയപ്പോഴും ആ വകുപ്പ് ആദ്യം ഏൽപ്പിച്ചത് ജയ്‌റ്റ്ലിയെ ആയിരുന്നു.

മനോഹര്‍ പരീക്കര്‍

2019 ആഗസ്റ്റ് ആറിനാണ് സുഷ്മ സ്വരാജ് അന്തരിക്കുന്നത്. വിജയ സാധ്യത ഉണ്ടായിട്ടും ആരോഗ്യപരമായ കാരണങ്ങളാല്‍  തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്ന് ഇക്കുറി സ്വയം പിന്മാറിയതായിരുന്നു ജെയ്റ്റ്‍ലിയും സുഷമയും. ദില്ലി രാഷ്ട്രീയത്തിലും പിന്നീടു ദേശീയ രാഷ്ട്രീയത്തിലും ഏറെക്കാലം ഒന്നിച്ചുപ്രവർത്തിച്ച സുഷമ മരിച്ച് 18–ാം ദിവസമാണു ജയ്റ്റ്ലിയുടെ വിയോഗം. 

സുഷ്മ സ്വരാജ്

കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്താണ് മുതിർന്ന നേതാവ് ഗോപിനാഥ് മുണ്ടെയും മരിക്കുന്നത്. മോദി മന്ത്രിസഭ അധികാരമേറ്റ് എട്ടാമത്തെ ദിവസമാണ് മുണ്ടെ വാഹനാപകടത്തിൽ മരണപ്പെടുന്നത്. പരീക്കറും ഗോപിനാഥ് മുണ്ടെയും ഒഴികെ മറ്റു മൂന്ന് പേരും ആദ്യമായി മന്ത്രിപദത്തിലേക്ക് ഉയർത്തപ്പെട്ടത് എബി വാജ്പേയിയുടെ കാലത്തായിരുന്നുവെന്നതും പ്രത്യേകതയാണ്.

അരുണ്‍ ജെയ്റ്റ്‍ലി

വാജ്പേയിയുടെ വിയോഗവും ഒരു വർഷത്തിനിടെയായിരുന്നു, കഴിഞ്ഞ ഓഗസ്റ്റിൽ. സുഷമയുടെയും അരുണ്‍ ജെയ്റ്റ്‍ലിയുടെയും വേർപാട് മറ്റൊരു ഓഗസ്റ്റിൽ ആണെന്നതും യാദൃശ്ചികതയാണ്.