സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍, ഭരണവിരുദ്ധ വികാരം, അദാനിക്കെതിരായ ആപ്പിള്‍ കർഷകരുടെ പ്രതിഷേധം തുടങ്ങിയ പ്രതിസന്ധികള്‍ ജയ്റാം താക്കൂർ നേരിടുന്നു. അഞ്ച് വർഷം കൂടുമ്പോള്‍ സർക്കാരിനെതിരെ ജനവിധിയുണ്ടാകുന്നതാണ് ഹിമാചലിലെ പതിവും. 

ഷിംല: ഗുജറാത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രിയേയും ബിജെപി മാറ്റിയേക്കും. ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ ഒരാഴ്ച്ചയ്ക്കിടെ രണ്ടുതവണ ദില്ലിയിലെത്തിയതാണ് ആഭ്യൂഹങ്ങൾ കൂട്ടിയത്. ഉത്തരാഖണ്ഡ്, കർണാടക, ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണവിരുദ്ധ വികാരമുള്ള സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ മാറ്റുന്നത് ബിജെപിയില്‍ ശൈലിയായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹിമാചല്‍ പ്രദേശിൽ മുഖ്യമന്ത്രി ജയ്റാം താക്കൂറിന് സ്ഥാനചലനം ഉണ്ടാകുമെന്ന സൂചനകള്‍ വരുന്നത്. 

സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍, ഭരണവിരുദ്ധ വികാരം, അദാനിക്കെതിരായ ആപ്പിള്‍ കർഷകരുടെ പ്രതിഷേധം തുടങ്ങിയ പ്രതിസന്ധികള്‍ ജയ്റാം താക്കൂർ നേരിടുന്നു. അഞ്ച് വർഷം കൂടുമ്പോള്‍ സർക്കാരിനെതിരെ ജനവിധിയുണ്ടാകുന്നതാണ് ഹിമാചലിലെ പതിവും. അടുത്തവർഷം അവസാനത്തോടെ തെര‌ഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ ഘടകങ്ങൾ. എന്നാല്‍ ആഭ്യൂഹങ്ങൾ തള്ളുന്ന നിലപാടാണ് ഇന്നലെയും ജയ്റാം താക്കൂർ സ്വീകരിച്ചത്.

ഹിമാചലിലെ മുഖ്യമന്ത്രിയെ മാറ്റുമോയെന്നതില്‍ ചർച്ചയാകുമ്പോള്‍ തന്നെ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയെക്കുറിച്ചു അഭ്യൂഹം ശക്തമാകുകയാണ്. ഗോവ മുഖ്യമന്ത്രിയും ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍റെ പ്രവർത്തനത്തിലും കേന്ദ്ര നേതൃത്വത്തിന് തൃപ്തിയില്ല. കർഷക പ്രതിഷേധത്തിന്‍റെ കേന്ദ്രമായി ഹരിയാനയിലും നേതൃമാറ്റം അജണ്ടയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona