Asianet News MalayalamAsianet News Malayalam

അമിത്ഷാ അധ്യക്ഷസ്ഥാനം ഒഴിയുമോ?; ബിജെപി യോഗം ഇന്ന് ദില്ലിയിൽ

പുതിയ അദ്ധ്യക്ഷന്‍റെ കാര്യത്തിൽ യോഗത്തിൽ ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന. അതേസമയം സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ അമിത്ഷ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

bjp meeting in delhi today, decision on bjp president ship of amitshah
Author
Delhi, First Published Jun 13, 2019, 7:56 AM IST

 ദില്ലി: ബിജെപി ഭാരവാഹികളുടെയും സംസ്ഥാന അദ്ധ്യക്ഷന്മാരുടെയും യോഗം ഇന്ന് ദില്ലിയിൽ ചേരും. രാവിലെ 11 മണിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം. ആഭ്യന്തര മന്ത്രിയായ സാഹചര്യത്തിൽ അമിത്ഷാക്ക് അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ട സാഹചര്യത്തിൽ കൂടിയാണ് ഇന്നത്തെ യോഗം. 

പുതിയ അദ്ധ്യക്ഷന്‍റെ കാര്യത്തിൽ യോഗത്തിൽ ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന. അതേസമയം സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ അമിത്ഷ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. നാല് സംസ്ഥാനങ്ങളിൽ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗം വിലയിരുത്തും.

ഒറ്റ പദവി നയമാണ് ബിജെപി പിന്തുടരുന്നതെങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തിൽ കൂടി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടര്‍ന്നേക്കാനുള്ള സാധ്യതയുണ്ട്. അധ്യക്ഷ പദത്തില്‍ അമിത്ഷാ തുടര്‍ന്ന് മറ്റ് സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്‍റിനെ നിയോഗിക്കാമെന്ന ആലോചനയാണ് ബിജെപിക്കകത്ത് എന്നാണ് വിവരം. 

അങ്ങനെ എങ്കിൽ അമിത്ഷാക്ക് പകരം ബിജെപി അധ്യക്ഷ സ്ഥാനത്ത് വന്നേക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മുൻ കേന്ദ്ര മന്ത്രി ജെപി നദ്ദ തന്നെയാകും വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുക. സുപ്രധാനം എന്ന് കരുതുന്ന തെരഞ്ഞെടുപ്പുകൾ കഴിയുന്നത് വരെ അമിത് ഷാ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും നിലപാടെന്നാണ് വിവരം. ഈ വര്‍ഷം അവസാനമാണ് മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടെ സംഘടനാ തെരഞ്ഞെടുപ്പിനും ബിജെപിയിൽ കളമൊരുങ്ങുകയാണ്.

മണ്ഡലം പ്രസിഡന്‍റ് മുതല്‍ ദേശീയ അധ്യക്ഷനെ വരെ തെരഞ്ഞെടുക്കുന്ന ബിജെപിയുടെ 'സംഘടന്‍ പര്‍വ്വി'ന് അടുത്തമാസം തുടക്കമാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ ചുമതലയുള്ള ഭാരവാഹികളുടെ യോഗം വ്യാഴം, വെള്ളി ദിവസങ്ങളിലായി ദില്ലിയിൽ അമിത് ഷാ വിളിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios