ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോവാദി ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമാ മണ്ഡാവി അടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്
ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി പൊലീസ്. ദന്തേവാഡയിലേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചാണ് ബിജെപി സംഘം പോയതെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് വ്യക്തമാക്കി.
ഇന്ന് വൈകിട്ടാണ് ബിജെപി എംഎൽഎ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം നടന്നത്. ആക്രമണത്തില്‍ ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നത്. ഭീമാ മണ്ഡാവിയെ കൂടാതെ അഞ്ചു പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇവരെ പക്ഷെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
"ഈ സ്ഥലം സന്ദർശിക്കരുതെന്ന് ബിജെപി എംഎൽഎ ഭീമ മണ്ഡാവിയോട് പൊലീസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം അര മണിക്കൂറോളം ഇരുപക്ഷവും പരസ്‌പരം വെടിവച്ചു. എംഎൽഎയുടെ വാഹനവ്യൂഹത്തിനൊപ്പം അഞ്ച് സുരക്ഷാ ജീവനക്കാരുടെ വാഹനം കൂടിയുണ്ടായിരുന്നു. അവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ ഇപ്പോൾ," പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു.
എംഎല്‍എയുടെ ഗണ്‍മാനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് സ്‌ഫോടനം നടത്തുകയായിരുന്നു. ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു ഭീമാ മണ്ഡാവി ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
