ബല്ലിയ: ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കാതെ ഹിന്ദുത്വം സുരക്ഷിതമാകില്ലെന്ന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. മുസ്ലിംകള്‍ പ്രത്യുല്‍പ്പാദനം നടത്തുന്നത് തുടരുമെന്ന ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് ബദ്രുദ്ദീന്‍ അജ്മലിന്‍റെ വിവാദ പ്രസാതവനയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്ര സിങ്. 

'അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കിയില്ലെങ്കില്‍ ഹിന്ദുത്വം സുരക്ഷിതമാകില്ല. ജമ്മു കശ്മീരില്‍ സുരക്ഷയ്ക്കായി സേനയെ വിന്യസിച്ചിരിക്കുന്നത് നോക്കൂ. പശ്ചിമ ബംഗാളില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും ആരും നടപടി എടുത്തില്ല. ബിജെപി ഭരിക്കാത്ത സ്ഥലങ്ങളിലെല്ലാം ഇസ്ലാമിക തീവ്രവാദം അനുഭവിക്കേണ്ടി വരുന്നു'-  സുരേന്ദ്ര സിങ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന പ്രഖ്യാപനത്തിനു പിന്നാലെ  മുസ്ലിം സമുദായത്തില്‍ സാക്ഷരരായ ആളുകള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരികയാണെന്നും മുസ്ലിംകള്‍ക്ക് ജോലി ലഭിക്കുന്നത് തടയാനാണ് സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നതെന്നും ബദ്രുദ്ദീന്‍ അജ്മല്‍ ആരോപിച്ചിരുന്നു.