രാജ്‍ക്കോട്ട്: ഗുജറാത്തിലെ രാജ്‍കോട്ടില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പരിസരത്ത് തുപ്പിയ ബിജെപി നേതാവിനെതിരെ വ്യാപക വിമര്‍ശനം. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം തയാറാക്കുന്ന കമ്മ്യൂണിറ്റി കിച്ചന്‍റെ പരിസരത്താണ് ബിജെപി എംഎല്‍എയായ അരവിന്ദ് റെയാനി തുപ്പിയത്. പൊതു സ്ഥലത്ത് തുപ്പുന്നതിനെതിരെ പിഴ അടക്കമുള്ള ശിക്ഷ നല്‍കുമ്പോള്‍ എംഎല്‍എയുടെ പ്രവര്‍ത്തിയാണ് വിവാദമായത്.

കമ്മ്യൂണിറ്റി കിച്ചനില്‍ നില്‍ക്കുമ്പോള്‍ മാസ്ക്ക് മാറ്റി തുപ്പുന്ന എംഎല്‍എയുടെ വീഡിയോ ആണ് പുറത്ത് വന്നത്. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ പൊതു സ്ഥലത്ത് തുപ്പുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടക്കം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവം വിവാദമായപ്പോള്‍ അരവിന്ദ് റെയാനി മാപ്പ് പറഞ്ഞിട്ടുണ്ട്.

തനിക്ക് പറ്റിയ തെറ്റ് സമ്മതിക്കുന്നുവെന്നും കമ്മ്യൂണിറ്റി കിച്ചന്‍ പരിസരത്ത് തുപ്പിയതിന്‍റെ പിഴയായി 500 രൂപ അടച്ചതായും അദ്ദേഹം പറഞ്ഞു. റോഡ‍ിലോ സര്‍ക്കാരിന്‍റെ അധികാരപരിധിയിലുള്ള ഇടങ്ങളിലോ അല്ല, തന്‍റെ സ്വന്തം സ്ഥലത്താണ് തുപ്പിയത്. പക്ഷേ, തെറ്റ് സമ്മതിക്കുന്നുവെന്നും പിഴ അടച്ചെന്നും എംഎല്‍എ പറഞ്ഞു.

ബിജെപി എംഎല്‍എയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. പാന്‍ ഷോപ്പുകള്‍ അടച്ചു കിടക്കുമ്പോള്‍ ബിജെപിക്കാര്‍ക്ക് എവിടെ നിന്നാണ് പുകയിലെ ഉത്പന്നങ്ങള്‍ ലഭിക്കുന്നതെന്ന് രാജ്കോട്ട് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറി വിരാല്‍ ഭട്ട് ചോദിച്ചു.