ബല്ലിയ: കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാകാതിരിക്കുകയും യാത്രാവിവരങ്ങൾ മറച്ചുവെയ്ക്കുകയും ചെയ്ത, തബ്‍ലീ​ഗ് മതസമ്മേളനത്തിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ള, വ്യക്തികളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ബിജെപി എംപി രവീന്ദ്ര കുശാവ. 11000 രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മതസമ്മേളനത്തിൽ പങ്കെടുക്കുന്നതിനോ മറ്റ് വിദേശയാത്രകൾക്കോ പോയ പലരും ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടില്ലെന്നും എംപി കൂട്ടിച്ചേർത്തു. അവർ പരിശോധനയ്ക്ക് വിധേയരാകാതെ ജീവിക്കുകയാണ്. സലേംപൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംപിയാണ് രവീന്ദ്ര കുശാവ

അത്തരം ആളുകൾ എത്രയും പെട്ടെന്ന് തങ്ങളുടെ യാത്രയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അധികൃതരെ അറിയിക്കണമെന്നും കൊവിഡ് 19 ബാധയുണ്ടോ എന്ന് കൃത്യമായ പരിശോധനയ്ക്ക് വിധേയരാകണമെന്നും എംപി ഓർമ്മപ്പെടുത്തി. ഇവരെക്കുറിച്ച് വിവരമറിയിക്കുന്നവർക്ക് ഉറപ്പായും പ്രതിഫലം നൽകും. കഴിഞ്ഞ മാസം ദില്ലിയിലെ തബ്‍ലീ​ഗ്  ജമാഅത്തെ മതസമ്മേളനം നടന്ന നിസാമുദ്ദീൻ കൊവിഡ് 19 ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. മതസമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാ​ഗം പേർക്കും കൊവിഡ് 19 സ്ഥീരികരിച്ചിരുന്നു. വാർത്ത പുറത്ത് വന്നതിനെ തുടർന്ന് സമ്മേളനത്തിൽ പങ്കെടുത്തവരോട് അറിയിക്കാൻ പൊലീസ് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടിരുന്നെങ്കിലും മിക്കവരും തയ്യാറായില്ല.