Asianet News MalayalamAsianet News Malayalam

കാര്‍ഷിക നിയമ ഭേദഗതി എന്താണെന്ന് കര്‍ഷകര്‍ക്ക് മനസിലായിട്ടില്ലെന്ന് ഹേമമാലിനി എംപി

കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കേന്ദ്രം കാര്‍ഷിക നിയമ ഭേദഗതി കൊണ്ട് വന്നത്. ഈ ഭേദഗതിയില്‍ എന്താണ് പ്രശ്നം എന്ന് കര്‍ഷകര്‍ പറയണം. ഒന്നും മനസിലാക്കാതെ പ്രതിഷേധിക്കുകയാണ് അവര്‍ ചെയ്യുന്നത്

bjp mp  hema malini against farmers who protesting against farm laws
Author
Mathura, First Published Jan 14, 2021, 5:01 PM IST

ആഗ്ര: കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന കാര്‍ഷിക നിയമ ഭേദഗതി എന്താണെന്ന് കര്‍ഷകര്‍ക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് ബിജെപി എംപി ഹേമമാലിനി. പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും മഥുരയില്‍ നിന്നുള്ള എംപിയായ ഹേമമാലിനി കുറ്റപ്പെടുത്തി. കര്‍ഷകര്‍ സ്വയം പ്രതിഷേധിക്കുന്നതല്ല, അവരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതാണ്.

കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കേന്ദ്രം, കാര്‍ഷിക നിയമ ഭേദഗതി കൊണ്ട് വന്നത്. ഈ ഭേദഗതിയില്‍ എന്താണ് പ്രശ്നം എന്ന് കര്‍ഷകര്‍ പറയണം. അതിന് തയാറാകാതെ ഒന്നും മനസിലാക്കാതെ പ്രതിഷേധിക്കുകയാണ് അവര്‍ ചെയ്യുന്നത്. കേന്ദ്രവുമായി നടന്ന ചര്‍ച്ചകളില്‍ കര്‍ഷകരുടെ പ്രതിനിധികള്‍ക്ക് ഭേദഗതിയുടെ പ്രശ്നങ്ങള്‍ എന്താണെന്ന് പറയാന്‍ സാധിച്ചിട്ടില്ല, വെറുതെ നിയമം പിന്‍വലിക്കാന്‍ മാത്രമാണ് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.

കാര്‍ഷിക നിയമ ഭേദഗതി എന്താണെന്ന് മനസിലാക്കിയാല്‍ അത് അവരുടെ തന്നെ ഉയര്‍ച്ചയ്ക്കുള്ളതാണെന്ന് കര്‍ഷകര്‍ക്ക് മനസിലാകുമെന്നും ഹേമമാലിനി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്‍റെ വഞ്ചനയാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും എംപി ആരോപിച്ചു. ഭരിച്ച് കൊണ്ടിരുന്നപ്പോള്‍ ഇതുപോലുള്ള നിയമങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിച്ചതാണ് കോണ്‍ഗ്രസ്. പക്ഷേ, ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നു.

വിഷയത്തിലുള്ള സുപ്രീംകോടതി ഇടപെടലിനെ ഹേമമാലിനി സ്വാഗതം ചെയ്തു. പത്ത് മാസങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ഡലത്തിലെത്തിയപ്പോഴാണ് എംപി മാധ്യമങ്ങളോട് സംസാരിച്ചത്. അതേസമയം, കേന്ദ്രസർക്കാരിൻ്റെ കാർഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നൽകാൻ സുപ്രീംകോടതി രൂപീകരിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി.

ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്‍റായ ഭുപീന്ദർ സിംഗ് മാൻ നേരത്തേ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാടെടുത്തയാളാണ്. ഭൂപിന്ദർ സിംഗിന് പുറമേ മഹാരാഷ്ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരടങ്ങുന്നതാണ് സുപ്രീംകോടതി രൂപീകരിച്ച സമിതി. കർഷകരുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിൻമാറാൻ തീരുമാനിച്ചതെന്ന് ഭുപീന്ദർ സിംഗ് മാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.

സുപ്രീംകോടതി രൂപീകരിച്ച സമിതിയുമായി സഹകരിക്കില്ലെന്നും നിയമം പിൻലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കർഷകർ വിധി വന്നതിന് പിന്നാലെ തന്നെ വ്യക്തമാക്കിയിരുന്നു. നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണമെന്നും നിർദ്ദേശിച്ചിരുന്നു.

ഇതിനിടെയാണ് സമിതിയിലെ ഒരംഗം പിൻമാറുന്നത്.  അതേസമയം, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ കർഷകർ നടത്തിവരുന്ന സമരം അൻപത്തൊന്നാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം.

സുപ്രീം കോടതി നിയമിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കർഷകർ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിലും മാറ്റമില്ലെന്ന് കർഷകർ വ്യക്തമാക്കി. നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെന്നും ഇതിനു പിന്നിൽ കേന്ദ്ര സര്‍ക്കാരാണെന്നും കർഷക സംഘടനകൾ അഭിപ്രായപ്പെട്ടു.

ഒരു സമിതിക്ക് മുമ്പാകെയും ഹാജരാകില്ലെന്നും സമരം ശക്തമായി തുടരാനും തീരുമാനിച്ചതായി പഞ്ചാബിലെ കർഷക സംഘടനകൾ പറഞ്ഞു. 18-ാം തിയതി  വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡും നടത്തുവാനാണ് കർഷകരുടെ തീരുമാനം. ട്രാക്റ്റർ പരേഡ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് നൽകിയ ഹർജിയിൽ സുപ്രിംകോടതി കർഷക സംഘടനകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

താൽകാലികമായ നീക്കങ്ങൾ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങൾ പിൻവലിക്കണമെന്നും സംഘടനാ നേതാക്കൾ പറയുന്നു. നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതം ചെയ്യുമ്പോഴും സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ സ്വതന്ത്ര നിലപാടുള്ള ആരും ഇല്ലെന്നതാണ് പ്രധാന വിമർശനമായി ഉയരുന്നത്.

സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിക്കെതിരെ നേരത്തെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാർട്ടികള്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. കർഷക വിരുദ്ധ നിയമങ്ങളെ പിന്തുണച്ചവരിൽ നിന്ന് നീതി പ്രതീക്ഷിക്കാമോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കും വരെ സമരം അവസാനിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

നിയമം സ്റ്റേ ചെയ്തത് ശരിയായ ദിശയിലുള്ള തീരുമാനമാണെന്നും എന്നാൽ കോടതി രൂപീകരിച്ച സമിതിക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്നുമായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചത്. നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണം. സുരക്ഷ കണക്കാക്കി സമരം അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്. താങ്ങുവില തുടരുമെന്നും പുതിയ നിയമം കാരണം കർഷകരുടെ ഭൂമി നഷ്ടപ്പെടരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Follow Us:
Download App:
  • android
  • ios