Asianet News MalayalamAsianet News Malayalam

'പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നുവെന്ന ആരോപണം ദുരുദ്ദേശപരം';മനേക ഗാന്ധിക്ക് 100കോടിയുടെ മാനഷ്ട നോട്ടീസ്

ആരോപണം തള്ളികളഞ്ഞ് മാപ്പു പറഞ്ഞില്ലെങ്കില്‍ 100 കോടിയുടെ മാനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് ഇസ്കോണ്‍ അധികൃതര്‍ അറിയിച്ചു

BJP MP Maneka Gandhi accuses ISKCON of selling cows to butchers; iskcon sends defamation notice worth 100 crore
Author
First Published Sep 29, 2023, 7:34 PM IST

ദില്ലി: ഗോശാലകളില്‍നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്ന ആരോപണത്തില്‍ ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിക്കെതിരെ 100 കോടിയുടെ മാനനഷ്ട നോട്ടീസ് നല്‍കി ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ). മനേക ഗാന്ധിയുടെ ആരോപണം തീര്‍ത്തും അടിസ്ഥാരഹിത ദുരുദ്ദേശപരവുമാണെന്നും ലോകമെമ്പാടമുള്ള ഭക്തരെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചുവെന്നും വ്യക്തമാക്കിയാണ് ഇസ്കോണ്‍ 100 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനേക ഗാന്ധിക്ക് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചശേഷം ആരോപണം തള്ളികളഞ്ഞ് മാപ്പു പറഞ്ഞില്ലെങ്കില്‍ 100 കോടിയുടെ മാനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് ഇസ്കോണ്‍ അധികൃതര്‍ അറിയിച്ചു.

ആന്ധ്രാപ്രദേശിലെ ഇസ്‌കോണിന്‍റെ അനന്ത്പൂർ ഗോശാല സന്ദർശിച്ചപ്പോള്‍ അവിടെ കറവ വറ്റിയ ഒറ്റ പശുപോലും ഇല്ലായിരുന്നുവെന്നും ഇസ്കോണിന്റെ ഗോശാലകളിൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണെന്നുമായിരുന്നു മനേക ഗാന്ധിയുടെ ആരോപണം. ഇസ്കോൺ രാജ്യത്തോട് ചെയ്യുന്നത് വലിയ ചതിയാണെന്നും ഇവർ ആരോപിച്ചിരുന്നു. ഗോശാലകൾ പരിപാലിക്കാന്‍ ഭൂമി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടിയ ശേഷമാണ് രാജ്യത്തെ വഞ്ചിക്കുന്നതെന്നും മനേക ​ഗാന്ധി കുറ്റപ്പെടുത്തി. മനേക ​ഗാന്ധി ഇസ്കോണിനെതിരെ ആരോപണമുന്നയിക്കുന്ന വീഡിയോ ഓൺലൈനിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ ആരോപണങ്ങള്‍ തള്ളി ഇസ്കോണ്‍ രംഗത്തെത്തിയിരുന്നു. മനേക ​ഗാന്ധിയുടെ ആരോപണം തെളിവില്ലാത്തതും വ്യാജവുമാണെന്നുമായിരുന്നു ഇസ്കോൺ വിശദീകരിച്ചത്. 

ഇസ്കോണിനെതിരെ മനേക ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്നും ഇതിനാലാണ് 100 കോടിയുടെ മാനനഷ്ട നോട്ടീസ് നല്‍കിയതെന്നും ഇസ്കോണ്‍ കൊല്‍ക്കത്ത വൈസ് പ്രസിഡന്‍റ് രാധാരാമന്‍ ദാസ് പറഞ്ഞു. ലോകമെമ്പാടമുള്ള ഇസ്കോണ്‍ വിശ്വാസികളെയും അഭ്യൂദയകാംക്ഷികളെയും പ്രസ്താവന വേദനിപ്പിച്ചു. അധിക്ഷേപകരവും ദുരുദ്ദേശപരവുമായ പ്രസ്താവനയാണ് എം.പി നടത്തിയത്. ഇസ്കോണിനെതിരായ ഇത്തരം നീക്കങ്ങളില്‍ നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും രാധാരാമന്‍ ദാസ് പറഞ്ഞു. അനന്ദപുരിലെ ഗോശാലയെക്കുറിച്ചാണ് മനേക ഗാന്ധി സംസാരിക്കുന്നത്. എന്നാല്‍, മനേക ഗാന്ധി അവിടെ സന്ദര്‍ശം നടത്തിയതിനെക്കുറിച്ച് അവിടത്തെ വിശ്വാസികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അറിയില്ലെന്നും അവിടെ പോകാതെ എങ്ങനെയാണ് ഇത്തരം ആരോപണം ഉന്നയിക്കാനാകുകയെന്നും രാധാരാമന്‍ ദാസ് ആരോപിച്ചു. നോട്ടീസ് ലഭിച്ചശേഷം ആരോപണം തള്ളികളഞ്ഞ് മാപ്പുപറഞ്ഞില്ലെങ്കില്‍ 100 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും രാധാരാമന്‍ ദാസ് കൂട്ടിചേര്‍ത്തു.

Follow Us:
Download App:
  • android
  • ios