Asianet News MalayalamAsianet News Malayalam

'അവർ ഹരേ റാം ഹരേ കൃഷ്ണ പാടി നടക്കും, പക്ഷേ പശുക്കളെ കശാപ്പുകാർക്ക് വിൽക്കും'; ഇസ്കോണിനെതിരെ മനേക ​ഗാന്ധി

മനേക ​ഗാന്ധിയുടെ ആരോപണം തെളിവില്ലാത്തതും വ്യാജവുമാണെന്നും ഇസ്കോൺ വ്യക്തമാക്കി.

BJP MP Maneka Gandhi accuses ISKCON of selling cows to butchers prm
Author
First Published Sep 27, 2023, 3:46 PM IST

ദില്ലി: ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിനെതിരെ (ഇസ്‌കോൺ) കടുത്ത ആരോപണവുമായി ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ മനേക ​ഗാന്ധി. ഇസ്കോണിന്റെ ഗോശാലകളിൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണെന്ന് മനേക ആരോപിച്ചു. ഇസ്കോൺ രാജ്യത്തോട് ചെയ്യുന്നത് വലിയ ചതിയാണെന്നും ഇവർ പറഞ്ഞു. ഗോശാലകൾ പരിപാലിക്കാന്‍ ഭൂമി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടിയ ശേഷമാണ് രാജ്യത്തെ വഞ്ചിക്കുന്നതെന്ന് മനേക ​ഗാന്ധി കുറ്റപ്പെടുത്തി. മനേക ​ഗാന്ധി ഇസ്കോണിനെതിരെ ആരോപണമുന്നയിക്കുന്ന വീഡിയോ ഓൺലൈനിൽ വൈറലായിരുന്നു. അതേസസമയം, ആരോപണങ്ങൾ തള്ളി ഇസ്കോൺ രം​ഗത്തെത്തി. മനേക ​ഗാന്ധിയുടെ ആരോപണം തെളിവില്ലാത്തതും വ്യാജവുമാണെന്നും ഇസ്കോൺ വിശദീകരിച്ചു. 

മനേക ​ഗാന്ധിയുടെ വാക്കുകൾ

''ആന്ധ്രാപ്രദേശിലെ ഇസ്‌കോണിന്റെ അനന്ത്പൂർ ഗോശാല സന്ദർശിച്ചത് ഓർക്കുന്നു. അവിടെ കിടാക്കൾക്ക് പാലുകൊടുക്കുന്ന ഒറ്റ പശുവിനെയും കണ്ടില്ല. ഗോശാലയിൽ കറവ വറ്റിയ ഒറ്റ പശുപോലും ഇല്ലായിരുന്നു. ഒറ്റപശുക്കുട്ടിയും ഇല്ല. അതിനർഥം എല്ലാം വിറ്റുപോയെന്നാണ്. ഇസ്‌കോൺ  പശുക്കളെയെല്ലാം കശാപ്പുകാർക്ക് വിൽക്കുകയാണ്. അവർ ചെയ്യുന്നതുപോലെ മറ്റാരും ഇത് ചെയ്യില്ല. അവർ റോഡുകളിൽ 'ഹരേ റാം ഹരേ കൃഷ്ണ' പാടി നടക്കും. പശുവിനെ ആശ്രയിച്ചാണ് മുഴുവൻ ജീവിതമെന്ന് പറയും. പക്ഷേ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണ് അവർ ചെയ്യുന്നത്''. 

എന്നാൽ, ആരോപണങ്ങൾ നിരസിച്ച് ഇസ്‌കോൺ ദേശീയ വക്താവ് യുധിഷ്ഠിർ ഗോവിന്ദ ദാസ് രം​ഗത്തെത്തി. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ പശു, കാള എന്നിവയുടെ സംരക്ഷണത്തിൽ മുന്നിലാണ് ഇസ്കോണെന്ന് അദ്ദേഹം പറഞ്ഞു. മനേക ​ഗാന്ധി ആരോപിക്കുന്നത് പോലെ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോമാംസം പ്രധാന ഭക്ഷണമായ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്‌കോൺ പശു സംരക്ഷണത്തിന് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  ഹരേ കൃഷ്ണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഇസ്‌കോണിന് ലോകമെമ്പാടും നൂറുകണക്കിന് ക്ഷേത്രങ്ങളും ദശലക്ഷക്കണക്കിന് വിശ്വാസികളുമുണ്ട്.

Read More... ആരോ​ഗ്യമന്ത്രിയുടെ സ്റ്റാഫ് അം​ഗം കൈക്കൂലി വാങ്ങിയെന്നത് ഗൗരവമുള്ളത്; വകുപ്പുകൾ അഴിമതിയുടെ കൂത്തരങ്ങായി മാറി

Follow Us:
Download App:
  • android
  • ios