ഡാനിഷ് അലിയെ ഭീകരവാദിയെന്ന് വിളിച്ചു, സഭയിൽ പ്രതിഷേധം ആളിക്കത്തി; ബിജെപി എംപിക്ക് സ്പീക്കറുടെ താക്കീത്
ഇതിനെതിരെ സഭയിൽ വ്യാപകമായി വിമർശനം ഉയർന്നതോടെ പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്തു. എംപി ഡാനിഷ് അലിക്കെതിരായ പരാമർശങ്ങളിൽ ബിജെപി എംപി രമേഷ് ബിദുരിയെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.

ദില്ലി: ബിഎസ്പി എംപി ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നും വിളിച്ച സംഭവത്തിൽ ബിജെപി എംപി രമേഷ് ബിദുരിക്ക് സ്പീക്കറുടെ താക്കീത്. സഭയിലെ ചർച്ചയ്ക്കിടെയായിരുന്നു ബിദുരിയുടെ പരാമർശം. ഇതിനെതിരെ സഭയിൽ വ്യാപകമായി വിമർശനം ഉയർന്നതോടെ പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്തു. എംപി ഡാനിഷ് അലിക്കെതിരായ പരാമർശങ്ങളിൽ ബിജെപി എംപി രമേഷ് ബിദുരിയെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.
പാർലമെന്‍റിന് അകത്തോ പുറത്തോ ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയാണ് ബിജെപി എംപിയുടേത്. ഡാനിഷ് അലിയെ മാത്രമല്ല എല്ലാവർക്കും അപമാനിക്കുന്നതാണ് പരാമർശം. ബിജെപിയുടെ ഉദ്ദേശമാണ് ഇതിലൂടെ പുറത്ത് വന്നത്. രാജ്നാഥ് സിങിന്‍റെ മാപ്പ് മതിയാകില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. മുസ്ലീം വിഭാഗക്കാരെയും പിന്നോക്കക്കാരെയും അവഹേളിക്കുന്നത് ബിജെപി സംസ്കാരമെന്ന് മഹുവ മൊയ്ത്ര എംപിയും വിമർശിച്ചു. സ്വന്തം നാട്ടില്‍ ഭയപ്പാടോടെ ജീവിക്കേണ്ട സാഹചര്യത്തിലാണ് ഇന്ത്യയിലെ മുസ്ലീം വിഭാഗമെന്നും ടിഎംസി എംപിയും പറഞ്ഞു.
അതേസമയം, വനിതാ സംവരണ ബിൽ പാസാക്കിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി ആസ്ഥാനത്ത് നേതാക്കളും അണികളും സ്വീകരണമൊരുക്കി. ബിജെപി ആസ്ഥാനത്തെത്തിയ മോദിക്ക് വനിതാ പ്രവർത്തകർ ഹാരമണിയിച്ചു. ഹർഷാരവങ്ങളോടെയാണ് അണികൾ മോദിയെ സ്വീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും നിർമ്മലാ സീതാരാമനും ഉൾപ്പെടെയുള്ളവരും വേദിയിലുണ്ടായിരുന്നു. പാർലമെന്റ് ചരിത്രം കുറിച്ചുവെന്ന് മോദി പറഞ്ഞു. ഓരോ സ്ത്രീയുടെയും ആത്മവിശ്വാസം വാനോളം ഉയർത്താനായി. ബിജെപിക്ക് ഇത് അഭിമാനകരമായ നേട്ടമാണെന്നും മോദി പറഞ്ഞു. ഇന്നലെ വനിതാ എംപിമാരും മോദിക്ക് നന്ദി രേഖപ്പെടുത്തിയിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8