ഉത്തർപ്രദേശിലെ ഇറ്റാവയിൽ നിന്നുള്ള എംപിയാണ് കതേരിയ. ജനപ്രാതിനിധ്യ നിയമം 1951 പ്രകാരം, രണ്ടോ അതിലധികമോ വർഷത്തേക്ക് ഏതെങ്കിലും കുറ്റത്തിന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാൽ അയോ​ഗ്യനാക്കണം.

ദില്ലി: 2011ലെ ആക്രമണക്കേസുമായി ബന്ധപ്പെട്ട് ബിജെപി എംപി രാം ശങ്കർ കതേരിയയെ ശനിയാഴ്ച ആഗ്ര കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. മുൻ കേന്ദ്രമന്ത്രി കൂടിയായ കതേരിയയെ 2011ൽ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. 2011 നവംബർ 16 ന് മാളിലെ ടോറന്റ് പവർ ഓഫീസ് തകർത്തതിനും ജീവനക്കാരനെ ആക്രമിച്ചെന്നുമായിരുന്നു കേസ്. ശിക്ഷ വിധിച്ചതോടെ കതേരിയയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കും.ആ​ഗ്ര എംപി-എംഎൽഎ സ്പെഷ്യൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 

ഉത്തർപ്രദേശിലെ ഇറ്റാവയിൽ നിന്നുള്ള എംപിയാണ് കതേരിയ. ജനപ്രാതിനിധ്യ നിയമം 1951 പ്രകാരം, രണ്ടോ അതിലധികമോ വർഷത്തേക്ക് ഏതെങ്കിലും കുറ്റത്തിന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാൽ അയോ​ഗ്യനാക്കണം. കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും അപ്പീൽ നൽകാനുള്ള അവകാശമുണ്ടെന്നും ഉടൻ അപ്പീൽ നൽകുമെന്നും കതേരിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഇറ്റാവയിലെ ഉത്തർപ്രദേശിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംപിയാണ് രാം ശങ്കർ കതേരിയ. 2014 നവംബർ മുതൽ 2016 ജൂലൈ വരെ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷയായും കതേരിയ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പ്രതിരോധ, കൺസൾട്ടേറ്റീവ് കമ്മിറ്റി, ആഭ്യന്തര മന്ത്രാലയത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. 

2019ൽ മറ്റൊരു സംഭവവുമുണ്ടായി. ആഗ്രയിലെ ടോൾ പ്ലാസ ജീവനക്കാരെ എംപിയുടെ അം​ഗരക്ഷകർ ആക്രമിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തതും കേസായിരുന്നു. എംപിയുടെ അംഗരക്ഷകർ ടോൾ പ്ലാസ ജീവനക്കാരെ മർദിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തെന്നായിരുന്നു പരാതി. ടോൾ പ്ലാസയിലെ സിസിടിവി ക്യാമറകളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ ടോൾ പ്ലാസയിലെ ജീവനക്കാരാണ് തന്റെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതെന്നും സ്വയരക്ഷയ്ക്കായി വെടിയുതിർക്കണമെന്നും ബിജെപി നേതാവ് ആരോപിച്ചു.