പ്രയാഗ് രാജ്: ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകൾ പൊള്ളലേറ്റ് മരിച്ചു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെയാണ് 8 വയസുകാരിക്ക് പൊള്ളലേറ്റത്. ചൊവ്വാഴ്ച രാവിലെ പ്രയാഗ് രാജില്‍ വച്ചാണ് 8വയസുകാരി കിയ മരിച്ചത്. പടക്കം പൊട്ടിക്കുന്നതിനിടെ അപകടമുണ്ടായി അറുപത് ശതമാനം പൊള്ളലേറ്റ കിയ പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനിരിക്കെയാണ് കിയ മരണത്തിന് കീഴടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. കിയയുടെ അമ്മയുടെ വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കിയ മരിച്ചത്.  റീത്ത ബഹുഗുണ ജോഷിയുടെ ഏകമകന്‍ മയാങ്കിന്‍റെ ഏകപുത്രിയായിരുന്നു കിയ. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കിയ കൊവിഡ് മുക്തയായതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട്. ഗുര്‍ഗാവിലെ ആശുപത്രിയില്‍ റിത്ത ജോഷിക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചികിത്സയിലായിരുന്നു കിയ കൊവിഡ് ചികിത്സ തേടിയത്. ഉത്തര്‍ പ്രദേശിലെ മുന്‍ മന്ത്രിയായിരുന്ന റീത്ത നിലവില്‍ പ്രയാഗ്രാജിലെ ബിജെപി എംപിയാണ്.