ബിഹാറിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് സുശീൽ മോദി. രാഹുൽ ​ഗാന്ധിക്കെതിരെ പട്ന കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ രാഹുൽ ​ഗാന്ധിക്കെതിരായി കോടതിവിധിയെ സ്വാ​ഗതം ചെയ്ത് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുശീൽ മോദി." കോടതി വിധി സ്വാ​ഗതം ചെയ്യുന്നു. ഞാനും ഒരു മോദി ആണ്. രാഹുൽ ​ഗാന്ധിയുടെ അന്നത്തെ പരാമർശത്തിൽ അപമാനം തോന്നിയിരുന്നു". സുശീൽ മോദി മാധ്യമങ്ങളോട് പ്രതികരിച്ചു. 

ബിഹാറിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് സുശീൽ മോദി. രാഹുൽ ​ഗാന്ധിക്കെതിരെ പട്ന കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "രാഹുലിനെതിരെ ഞാനും അപകീർത്തി കേസ് നൽകിയിട്ടുണ്ട്. എനിക്കും നീതി കിട്ടുമെന്നാണ് പ്രതീക്ഷ". സുശീൽ മോദി പറഞ്ഞു. രാഹുൽ നിരവധി കോടതികളിൽ നടപടി നേരിടേണ്ടിവരുമെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ എംപി രഹ്‍നാഥ് സിം​ഗ് യാദവ് അഭിപ്രായപ്പെട്ടു. 

Read Also: 'എല്ലാ കള്ളൻമാരുടേയും പേരിൽ എന്തുകൊണ്ട് മോദി'; രാഹുൽ ​ഗാന്ധിക്ക് ശിക്ഷ ലഭിച്ച വിവാദ പ്രസംഗം ഇങ്ങനെ...

എല്ലാ കള്ളന്മാർക്കും പേരില്‍ എങ്ങനെയാണ് മോദി എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമർശമാണ് വിവാദമായത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിൽ പ്രചാരണം നടത്തുമ്പോഴായിരുന്നു പരാമർശം. ഇതു സംബന്ധിച്ച് ​ഗുജറാത്തിലെ സൂറത്ത് സിജെഎം കോടതിയാണ് രാഹുൽ കുറ്റക്കാരനാണെന്ന് ഇന്ന് വിധിച്ചത്. രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. കോടതി വിധിക്ക് പിന്നാലെ ആദ്യ പ്രതികരണമായി മഹാത്മാ ഗാന്ധിയുടെ വാചകമാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. 'അഹിംസയും സത്യവുമാണ് എന്റെ മതത്തിന്റെ അടിസ്ഥാനം, സത്യമാണ് ദൈവം, അഹിംസ ആ സത്യത്തിലേക്കുള്ള മാർഗവും' എന്ന ഗാന്ധിജിയുടെ വാചകമാണ് രാഹുൽ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Read Also: 'അഹിംസയും സത്യവുമാണ് എന്‍റെ മതത്തിന്റെ അടിസ്ഥാനം, സത്യമാണ് ദൈവം'; ഗാന്ധിജിയുടെ വാചകം ട്വീറ്റ് ചെയ്ത് രാഹുൽ