കൊല്‍ക്കത്ത: ബിജെപി എംപി രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എംപിയുടെ അപ്പാര്‍ട്ട്മെന്‍റിന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ടത് കണ്ട യാത്രക്കാര്‍ ഓടിമാറിയതുകൊണ്ട് വലിയ അപകടം ഒഴിവായി. 

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. സംഭവം ന‍ടക്കുമ്പോള്‍  റോഡില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ആകാശ് മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ ആകാശിനെ പിന്നീട് പിതാവെത്തിയാണ് പുറത്തെത്തിച്ചത്.

തുടര്‍ന്ന്  ജാദവ്പൂര്‍ പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തു. മകന്‍റെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് രൂപ ഗാംഗുലി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു രൂപ ഗാംഗുലിയുടെ ട്വീറ്റ്.