കൊല്‍ക്കത്ത: സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജിയെ പരിഹസിച്ച് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ. നൊബേല്‍ സമ്മാനം ലഭിക്കുന്നതിനുള്ള മാനദണ്ഡം വിദേശിയായ രണ്ടാം ഭാര്യയുണ്ടായിരിക്കണമെന്നാണെന്ന് ബംഗാള്‍ മുന്‍ ബിജെപി പ്രസിഡന്‍റ് കൂടിയായ രാഹുല്‍ സിന്‍ഹ പരിഹസിച്ചു.

വിദേശിയായ രണ്ടാം ഭാര്യയുള്ളവര്‍ക്കാണ് നൊബേല്‍ സമ്മാനം കിട്ടുന്നത്. നൊബേല്‍ ലഭിക്കുന്നതിനുള്ള ഡിഗ്രിയാണിതോയെന്ന് തനിക്കറിയില്ലെന്നും സിന്‍ഹ പറഞ്ഞു. അഭിജിത് ബാനര്‍ജിയുടെ അഭിജിത് ബാനര്‍ജിയോടൊപ്പം പുരസ്കാരം പങ്കിട്ട ഫ്രഞ്ചുകാരിയായ ഭാര്യ എസ്തര്‍ ദഫ്ലോയെ ഉദ്ദേശിച്ചായിരുന്നു രാഹുല്‍ സിന്‍ഹയുടെ പരാമര്‍ശം.  അഭിജിത് ബാനര്‍ജി ഇടതുപക്ഷ ചിന്താഗതിയുള്ളയാളാണെന്നും സിന്‍ഹ വ്യക്തമാക്കി.

പിയൂഷ് ഗോയല്‍ പറഞ്ഞത് ശരിയാണ്.  ഇടതുപക്ഷ ആശയങ്ങള്‍ നിറച്ച് സാമ്പത്തിക ശാസ്ത്രത്തെ കളങ്കപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇടതുപാതയിലൂടെ സാമ്പത്തിക ശാസ്ത്രത്തെ കൊണ്ടുപോകാനാണ് ഇവരുടെ ശ്രമം. പക്ഷേ ഇടത് നയം ഈ രാജ്യത്തിന് ദോഷമാണെന്നും സിന്‍ഹ പറഞ്ഞു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും അഭിജിത് ബാനര്‍ജിക്കെതിരെ രംഗത്തെത്തിയിരുന്നു. അഭിജിത് ബാനര്‍ജിയുടെ ആശയങ്ങള്‍ ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞതാണെന്നായിരുന്നു പിയൂഷ് ഗോയലിന്‍റെ പരാമര്‍ശം. 

2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിലെ പ്രധാന ഇനമായ ന്യായ് പദ്ധതിയുടെ സൂത്രധാരനായിരുന്നു അഭിജിത് ബാനര്‍ജി. നേരത്തെ കേന്ദ്രത്തിന്‍റെ സാമ്പത്തിക നയത്തെയും അതിദേശീയത പ്രവണതയെയും അഭിജിത് ബാനര്‍ജി വിമര്‍ശിച്ചിരുന്നു.