ദില്ലി : ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പൂതിന്‍റെ മരണത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ചോദ്യം ഉയരാതിരിക്കാന്‍ സുശാന്ത് സിംഗിന്‍റെ മരണത്തെ ഉപയോഗിക്കുകയാണ് ബിജെപി. നിലവാരം കുറഞ്ഞ രാഷ്ട്രീയമാണ് ഇതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചതായാണ് ന്യൂസ് 18 റിപ്പോര്‍ട്ട്. 

വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് വക്താവ് രൂക്ഷമായി വിമര്‍ശിച്ചത്. ഉത്തരവാദിത്തം ഉപേക്ഷിച്ച സര്‍ക്കാരിന് കീഴില്‍ പ്രളയവും മറ്റ് ദുരിതവും മൂലം ബിഹാര്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. സുശാന്തിന്‍റെ മരണത്തില്‍ സിബിഐ പക്ഷം ചേരാതെ അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് നേതാവ് അദിര്‍ രഞ്ജന്‍ ചൌധരി ആവശ്യപ്പെട്ടു. കേസിലെ രാഷ്ട്രീയ വശങ്ങള്‍ പരിഗണിക്കാതെയാവണം അന്വേഷണമെന്നും ചൌധരി പറയുന്നു. നിലവില്‍ മാധ്യമ വിചാരണ പുരോഗമിക്കുന്ന നടന്‍റെ മരണത്തില്‍ സിബിഐയ്ക്കും അവരുടെ മുതലാളിമാര്‍ക്കും നിഗൂഡത കണ്ടെത്താന്‍ വളരെയധികം സമയം വേണ്ടി വരുമെന്നും ചൌധരി കൂട്ടിച്ചേര്‍ത്തു. 

തൊഴിലില്ലായ്മയും പ്രളയക്കെടുതിയുമെല്ലാം ബിഹാറിനെ അലട്ടുമ്പോള്‍ സുശാന്തിന്‍റെ മരണം രാഷ്ട്രീയവല്‍ക്കരിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ദേശീയതലത്തില് പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പല കാര്യങ്ങളും ഇന്ന് റിയ ചക്രബര്‍ത്തിക്കും സുശാന്ത് സിംഗ് രാജ്പൂതിനും വഴിമാറിയിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനവും തൊഴിലില്ലായ്മയും ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. സുശാന്ത് സിംഗ് രാജ്പുതിന്‍റെ ചിത്രത്തോട് കൂടി ബിജെപി പുറത്തിറക്കിയ പോസ്റ്ററുകള്‍ വിശദമാക്കുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയമാണെന്നും സുര്‍ജേവാല ആരോപിച്ചു.