മുംബൈ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് മഹാരാഷ്ടയിലെ നാഗ്പൂരില്‍ ആയിരങ്ങളെ അണിനിരത്തി ബിജെപി റാലി നടത്തി. നാഗ്പൂർ പൗരത്വ നിയമഭേദഗതിയെ സ്വാഗതം ചെയ്യുന്നുവെന്ന ബാനറും ഭീമൻ ദേശീയ പതാകയുമായാണ് റാലി നടന്നത്. പൗരത്വ നിയമഭേദഗതി ഇന്ത്യൻ മുസ്‍ലിംകള്‍ക്ക് എതിരല്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മുസ്‍ലിംകളെ വോട്ട് ബാങ്കായി കണ്ട് കോൺഗ്രസ് വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. 

പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങൾക്ക് എതിരല്ല; കോൺഗ്രസിന്റെ പ്രചരണം തിരിച്ചറിയണമെന്ന് നിതിൻ ഗഡ്കരി

'കോൺഗ്രസിന്റെ ഈ പ്രചരണം മുസ്ലിംങ്ങള്‍ തിരിച്ചറിയണം. മൂന്ന് അയൽരാജ്യങ്ങളിലെയും പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതി. കോൺഗ്രസ്സിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മുസ്‍ലിം സഹോദരങ്ങൾ തിരിച്ചറിയണം'. കോണ്‍ഗ്രസുകാര്‍ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ജൻ അധികാർ മഞ്ചിന്‍റെ നേതൃത്വത്തിലാണ് റാലി എന്നാണ് അറിയിച്ചിരുന്നെങ്കിലും ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് റാലിയിൽ അണിനിരന്നത്.