Asianet News MalayalamAsianet News Malayalam

കലാപഭൂമിയായ ജഹാംഗീർപുരി ചേരികൾ ഇടിച്ച് നിരത്താൻ NDMC, തൊടരുതെന്ന് സുപ്രീംകോടതി

അനധികൃതനിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്ന നടപടി രണ്ട് ദിവസം നീണ്ട് നിൽക്കുമെന്നാണ് ഉത്തരദില്ലി മുൻസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കിയത്. ശനിയാഴ്ച ഹനുമാൻ ജയന്തിക്കിടെ വർഗീയസംഘർഷമുണ്ടായ ഇടമാണ് ജഹാംഗീർപുരി. 

bjp run north corporation schedules demolition drive in violence hit delhi jahangirpuri
Author
New Delhi, First Published Apr 20, 2022, 11:44 AM IST

ദില്ലി: ശനിയാഴ്ച ഹനുമാൻ ജയന്തിക്കിടെ വ‍ർഗീയകലാപമുണ്ടായ ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ രാവിലെ ബുൾഡോസറുകളുമായി ഉത്തരദില്ലി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തിയത് വൻ പരിഭ്രാന്തിക്കിടയാക്കി. 'കലാപകാരി'കളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത എൻഡിഎംസി മേയർക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥർ ബുൾഡോസറുകളുമായി കെട്ടിടങ്ങൾ പൊളിക്കാനെത്തിയത്. സ്ഥലത്ത് നാനൂറോളം പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കൽ നടപടികൾ. നാലഞ്ച് കെട്ടിടങ്ങൾ ബുൾഡോസറുകൾ കൊണ്ടുവന്ന് അവർ പൊളിക്കുകയും ചെയ്തു.

ഇതിനിടെയാണ് ഈ പൊളിക്കലിനെതിരെ അടിയന്തരമായി സുപ്രീംകോടതിയിൽ ഹർജിയെത്തിയത്. സ്ഥലത്ത് പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും അഭിഭാഷകർ കോടതിയിൽ അഭ്യർത്ഥിച്ചു. ഇതോടെയാണ് പൊളിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ച്, സ്ഥലത്ത് നിലവിലുള്ള അവസ്ഥ തുടരണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. നാളെ ഈ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. രാജ്യവ്യാപകമായി നടക്കുന്ന പൊളിച്ചുനീക്കലിനെതിരായ ഹർജിയും കോടതിയിൽ എത്തിയിട്ടുണ്ട്. നാളെ ഇതും പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

ഒമ്പത് ബുൾഡോസറുകളാണ് ഇന്ന് രാവിലെ പൊളിക്കൽ നടപടിക്കായി ജഹാംഗീർ പുരിയിലെത്തിയത്. ശനിയാഴ്ചയാണ് ഇവിടെ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ വർഗീയസംഘർഷമുണ്ടായതും നിരവധിപ്പേർക്ക് പരിക്കേറ്റതും. 

ബിജെപിയാണ് ഉത്തരദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്നത്. ഇത് സാധാരണ നടപടി മാത്രമാണെന്നും അനധികൃതകെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിൽ മറ്റ് ഉദ്ദേശങ്ങളില്ല എന്നുമാണ് എൻഡിഎംസി മേയർ രാജാ ഇഖ്ബാൽ സിംഗ് വ്യക്തമാക്കിയത്. എന്നാൽ, ബിജെപി സംസ്ഥാനാധ്യക്ഷൻ എഴുതിയ കത്തിന് പിന്നലെത്തന്നെ കെട്ടിടങ്ങൾ പൊളിക്കാൻ ഉദ്യോഗസ്ഥരെത്തിയതോടെ നടപടിയുടെ രാഷ്ട്രീയലക്ഷ്യങ്ങൾ തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

അതേസമയം, ദില്ലി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് നടപടികൾ പൊലീസ് കടുപ്പിക്കുകയാണ്. സംഘർഷത്തിനിടെ പൊലീസിന് നേരെ വെടിവെച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ജഹാംഗീർപുരി സ്വദേശി സോനുവാണ് അറസ്റ്റിലായത്. ഇയാൾ സംഘർഷത്തിനിടെ വെടി വെക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര മന്ത്രി അമിത് ഷാ പൊലീസിന് നിർദ്ദേശം നൽകി. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതെയിരിക്കാൻ ശക്തമായ നടപടിക്കാണ് നിർദ്ദേശം. ഇതിനിടെ  ജഹാംഗീർപുരിയിൽ അനുമതിയില്ലാതെ ശോഭായാത്ര നടത്തിയതിന് വിഎച്ച്പിക്കും ബജറംഗ്ദൾ  പ്രവർത്തകർക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios