ദില്ലി: ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് 2003ല്‍ മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ സംസാരിക്കുന്നതിന്‍റെ വീഡിയോ കുത്തിപ്പൊക്കി ബിജെപി. ട്വിറ്ററിലാണ് ബിജെപി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്നു മന്‍മോഹന്‍ സിങ്. 

ഒരു മിനിറ്റ് എട്ടു സെക്കന്‍റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. 'വിഭജനത്തിന് ശേഷം ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലെ ന്യൂപക്ഷങ്ങള്‍ പീഡനം നേരിടുകയാണ്. അവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ കൂടുതല്‍ ഉദാരമായ സമീപനം സ്വീകരിക്കണം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഭാവിയില്‍ നടപടികള്‍ ആവിഷ്കരിക്കുന്നതില്‍ ബഹുമാനപ്പെട്ട ഉപപ്രധാനമന്ത്രി ഇത് കണക്കിലെടുക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു'- വീഡിയോയില്‍ മന്‍മോഹന്‍ സിങ് പറയുന്നു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയായിരുന്നു അന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. 

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പാകിസ്ഥാന്‍,  ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടതാണെന്നും ഇപ്പോള്‍ നിയമം നടപ്പിലാക്കിയപ്പോള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നുള്ള ബിജെപി നേതാക്കളുടെ വാദത്തിന് പിന്നാലെയാണ് മന്‍മോഹന്‍ സിങിന്‍റെ വീഡിയോ ബിജെപി പങ്കുവെച്ചത്.