ചണ്ഡി​ഗഡ്: ബിജെപി നേതാവും ടിക് ടോക് താരവുമായ സോനാലി ഫോഗാട്ട് ഉദ്യോ​ഗസ്ഥനെ ചെരുപ്പൂരി അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹരിയാനയിലെ അഡാംപൂര്‍ മാർക്കറ്റിലെ ഉദ്യോ​ഗസ്ഥനായ സുൽത്താൻ സിംഗിനെയാണ് സോനാലി മർദ്ദിച്ചത്. സോനാലി ഫോഗാട്ട് കാര്‍ഷിക വിപണി പരിശോധിക്കുന്നതിനിടെ ആയിരുന്നു സംഭവം. 

കാര്‍ഷികോല്‍പാദന മാര്‍ക്കറ്റ് കമ്മിറ്റി അംഗമായ സുല്‍ത്താന്‍ സിം​ഗിനെതിരെ കര്‍ഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് ‌എത്തിയതായിരുന്നു സോനാലി. ഇതിനിടെ ആക്ഷേപകരമായ അഭിപ്രായം പറഞ്ഞെന്ന് ആരോപിച്ചാണ് സോനാലി ഇയാളെ മർദ്ദിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ബഞ്ചിലിരിക്കുന്ന ഉദ്യോ​ഗസ്ഥനെ സോനാലി ആവർത്തിച്ച് മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരിഹരിക്കുമെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്‍ സോനാലിയോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് സോനാലി ഇയാളെ ചെരിപ്പൂരി തല്ലിയത്. പിന്നാലെ സോനാലി പൊലീസിനെ വിളിച്ചുവരുത്തുകയും സിം​ഗിനെതിരെ പരാതി നൽകുകയും ചെയ്തു.

അതേസമയം, സോനാലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് രണ്‍ദീപ് സിം​ഗ് സുര്‍ജേവാല രം​ഗത്തെത്തി. "ഖട്ടാര്‍ സര്‍ക്കാരിന്റെ ശല്യപ്പെടുത്തുന്ന പ്രവൃത്തികളാണിത്. ഹിസാറിലെ ബിജെപി നേതാവ് അഡാംപൂര്‍ മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറിയെ മൃഗത്തെപ്പോലെ മര്‍ദ്ദിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവുന്നത് കുറ്റകരമാണോ? ഖട്ടാര്‍ ഇതിനെതിരേ നടപടിയെടുക്കുമോ? മാധ്യമങ്ങള്‍ നിശബ്ദത പാലിക്കുമോ?" എന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.