Asianet News MalayalamAsianet News Malayalam

പടിയിറങ്ങുമോ യെദിയൂരപ്പ? കർണാടകയിൽ ബിജെപിയുടെ നിർണായക പ്രഖ്യാപനം ഉടൻ

ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തിയ സംസ്ഥാനമാണ് കർണാടക. കർണാടകത്തിൽ ബിജെപിയെന്നാൽ അത് യെദിയൂരപ്പയാണ്. എഴുപത്തിയെട്ടുകാരനായ ലിംഗായത്ത് നേതാവിനെ ഒഴിവാക്കിയൊരു രാഷ്ട്രീയപരീക്ഷണം ബിജെപിക്ക് ഞാണിൻമേൽ കളിയാകും.

BJP to announce  leadership change in karnataka anytime soon
Author
Bengaluru, First Published Jul 25, 2021, 12:39 PM IST

ബെം​ഗളൂരു: കർണാടക സർക്കാരിൻ്റെ ഭാവിയിൽ ബിജെപി കേന്ദ്രനേതൃത്വത്തിൻ്റെ നിർണായക പ്രഖ്യാപനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന അഭ്യുൂഹങ്ങൾക്കിടെ കേന്ദ്രനേതൃത്വത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ബി.എസ്.യെദ്യൂരപ്പ പ്രതികരിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയിലും അമിത് ഷായിലും ജെപി നദ്ദയിലും തനിക്ക് വിശ്വാസമുണ്ട്. രാജിക്കാര്യത്തിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്. മികച്ച തീരുമാനം നേതൃത്വം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ അതെന്തായാലും കേന്ദ്രനേതൃത്വത്തിൻ്റെ തീരുമാനം അന്തിമമായിരിക്കുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും യെദിയൂരപ്പ പറഞ്ഞു. അതിനിടെ യെദിയൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വീരശൈവ സന്യാസി സമൂഹത്തിൻ്റെ സമ്മേളനം തുടങ്ങി. മകൻ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കി യെദിയൂരപ്പയെ അനുനയിപ്പിക്കാനാണ് കേന്ദ്രനേതൃത്വത്തിൻ്റെ ശ്രമമെന്നാണ് സൂചന. 

ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തിയ സംസ്ഥാനമാണ് കർണാടക. കർണാടകത്തിൽ ബിജെപിയെന്നാൽ അത് യെദിയൂരപ്പയാണ്. എഴുപത്തിയെട്ടുകാരനായ ലിംഗായത്ത് നേതാവിനെ ഒഴിവാക്കിയൊരു രാഷ്ട്രീയപരീക്ഷണം ബിജെപിക്ക് ഞാണിൻമേൽ കളിയാകും. ബിജെപി വിട്ടു പോന്ന യെദിയൂരപ്പ കർണാടക ജനതാ പാർട്ടിയുണ്ടാക്കി മത്സരിച്ച 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 223 അംഗ സഭയിൽ ബിജെപിക്ക് ആകെ കിട്ടിയത് 40 സീറ്റാണ്.  

വീരശൈവ ലിംഗായത്ത് വിഭാഗത്തിന്‍റെ പിന്തുണയാണ് യെദിയൂരപ്പയെ ഇത്രയും ശക്തനാക്കുന്നത്. കർണാടകത്തിലെ ഏറ്റവും പ്രബല സമുദായമാണിത്. പാർട്ടിയിലെ ഭൂരിപക്ഷപിന്തുണയാണ് യെദിയൂരപ്പയ്ക്ക് അനുകൂലമായ മറ്റൊരു ഘടകം. നിലവിലുളള ഭൂരിഭാഗം എംഎൽഎമാരുടെയും രാഷ്ട്രീയപ്രവേശം യെദിയൂരപ്പയുടെ കീഴിലാണ്. അണികൾക്കും ജനങ്ങൾക്കും ഒരേ പോലെ പ്രിയങ്കരനാണ് യെദിയൂരപ്പ. അഴിമതി ആരോപണങ്ങൾ പലതുയർന്നെങ്കിലും മേഖലാ ഭേദമില്ലാതെ കർണാടകത്തിലാകെ സ്വാധീനമുളള അത്യപൂർവം നേതാക്കളിലൊരാൾ. നിലവിൽ കർണാടക ബിജെപിയിൽ അങ്ങനെയൊരാൾ വേറെയില്ല.

ഇത്രയും ശക്തനായ മുഖ്യമന്ത്രിയായ യെദിയൂരപ്പയെ ഇപ്പോൾ ആ സ്ഥാനത്ത് നിന്നും മാറ്റാൻ പ്രേരിപ്പിക്കുന്ന പല ഘടകങ്ങളുണ്ട്. 2023-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പാണ് ഇതിൽ പ്രധാനം.  കർണാടക ബിജെപിയിൽ യെദിയൂരപ്പയുടെ അപ്രമാദിത്വം അവസാനിപ്പിക്കാൻ വിമതവിഭാഗത്തിന്‍റെ നീക്കവും ശക്തമാണ്. പാർട്ടിക്കുള്ളിലെ ഈ ഭിന്നത യെദിയൂരപ്പ മുഖ്യമന്ത്രിയായി തുടരും വരെയുണ്ടാവും. 

മക്കൾ രാഷ്ട്രീയത്തിൻ്റെ വലിയ വിമർശകനാണ് മോദി. എന്നാൽ കർണാടകയിൽ തനിക്ക് ശേഷം മകൻ വിജയേന്ദ്രയെ പിൻഗാമിയാക്കാനാണ് യെദിയൂരപ്പ നടത്തുന്ന നീക്കങ്ങൾ പാർട്ടിക്കുള്ളിലും കേന്ദ്രനേതൃത്വത്തിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. 2023- ൽ കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ യെദിയൂരപ്പയ്ക്ക് പ്രായം 80 വയസിന് മുകളിലാവും. 75 വയസിന് മുകളിൽ പ്രായമുള്ളവരെ പാർലമെൻ്ററി - പാർട്ടി ചുമതലകളിൽ ബിജെപി നിലനിർത്താറില്ല. 

യെദിയൂരപ്പ പടിയിറങ്ങിയാൽ ആരാവും അടുത്ത മുഖ്യമന്ത്രി. കൃത്യമായൊരു പേര് ഈ സ്ഥാനത്തേക്ക് ഉറപ്പിച്ചു പറയാനാവില്ല. പല നേതാക്കൾക്കും ഒരേ പോലെ സാധ്യതയുണ്ട്. നിലവിലെ അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് ആണ് സാധ്യതയുള്ള ഒരാൾ. യെദിയൂരപ്പയുടെ അടുപ്പക്കാരനാണ് അദ്ദേഹം. ബസവരാജ് മുഖ്യമന്ത്രിയും മകൻ വിജയേന്ദ്ര ഉപമുഖ്യമന്ത്രിയുമായ ഒരു ഫോർമുല യെദിയൂരപ്പ അംഗീകരിക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വം കരുതുന്നു. 

മുതിർന്ന എംഎൽഎ മുരുഗേഷ് നിരാനിയാണ് സാധ്യത കൽപിക്കപ്പെടുന്ന മറ്റൊരാൾ. സാമുദായിക ഘടകങ്ങൾ അദ്ദേഹത്തിന് അനുകൂലമാണ്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ് സാധ്യത കൽപ്പിക്കപ്പെടുന്ന മറ്റൊരാൾ. കേന്ദ്രനേതൃത്വത്തിന് ഏറെ പ്രിയങ്കരനാണ് പ്രഹ്ളാദ് ജോഷി. എന്നാൽ ബ്രാഹ്മണസമുദായമെന്നത് അദ്ദേഹത്തിന് തിരിച്ചടിയായേക്കും. വർഗ്ഗീയ പ്രസ്താവനകളിലൂടെ വിവാദങ്ങളിലിടം നേടുന്ന ബിജെപി ജനറൽ സെക്രട്ടറി സി.ടി.രവിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. കർണാടകത്തിലെ പ്രബലസമുദായമായ വൊക്കലിഗ വിഭാഗക്കാരാനാണ് എന്നത് സി.ടി.രവിക്ക് അനുകൂലമായ ഘടകമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios