ദില്ലി: മുത്തലാഖ് നിരോധന ബിൽ പാർലമെൻറിൽ പാസ്സാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് നിർണ്ണായക പിന്തുണ. ഏഴ് അംഗങ്ങൾ ഉള്ള ബിജു ജനതാദൾ ബില്ലിന് അനുകൂലമായി വോട്ടു ചെയ്യാൻ തീരുമാനിച്ചു. അണ്ണാഡിഎംകെയെ ഒപ്പം നിറുത്താൻ പ്രധാനമന്ത്രി നേരിട്ട് ശ്രമം തുടങ്ങി. 

മുത്തലാഖ് നിരോധന ബില്ലിനെതിരെ ലോക്സഭയിൽ വോട്ട് ചെയ്തത്  ആകെ ഏട്ടു പേരാണ്. മുസ്ലിം ലീഗും, സിപിഎമ്മും, നാഷണണൽ കോൺഫറൻസും അസദുദ്ദീൻ ഒവൈസിയുടെ എംഎഐഎമ്മും ബില്ലിനെ എതിര്‍ത്തു. 303 പേർ അനുകൂലിച്ചു. 12 പേരുള്ള ബിജു ജനതാദളും അനുകൂല നിലപാടെടുത്തു. അണ്ണാ ഡിഎംകെയുടെ ഏക അംഗവും പിന്താങ്ങി. 

മുന്‍പ് രണ്ട് തവണ ബിൽ രാജ്യസഭയിൽ പാസ്സാക്കാനുളള നീക്കം പ്രതിപക്ഷം ചെറുത്തു തോല്പിച്ചിരുന്നു. എന്നാൽ ഇപ്രാവശ്യം രാജ്യസഭയിലും ബില്ലിനെ അനുകൂലിക്കാൻ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് എംപിമാർക്ക് നിർദ്ദേശം നല്‍കി. ആർടിഐ നിയമഭേദഗതിക്കെതിരായ പ്രതിപക്ഷ പ്രമേയം 75-നെതിരെ 117 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഈ സാഹചര്യത്തിൽ ബിജെഡിയുടെ പിന്തുണ മുത്തലാഖ് ബിൽ പാസ്സാക്കാൻ സർക്കാരിനെ സഹായിച്ചേക്കും. 

11 പേരുള്ള അണ്ണാഡിഎംകെ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്നാണ് പറയുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയുമായി ബിജെപി നേതൃത്വം സംസാരിക്കും. എതിർക്കുന്ന ചില പാർട്ടികൾ വിട്ടുനിന്നാലും ബില്ല് വിജയിപ്പിക്കാനാകും എന്നാണ് സർക്കാർ പ്രതീക്ഷ. യുഎപിഎ നിയമഭേദഗതിക്കും സർക്കാർ പ്രാദേശിക പാർട്ടികളുടെ പിന്തുണ തേടുന്നുണ്ട്. മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാനായാൽ ബിജെപിക്ക് അത് വലിയ രാഷ്ട്രീയ വിജയമാകും.