മുംബൈ: സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപിയെ കടന്നാക്രമിച്ച് ശിവസേന മുഖപത്രം സാമ്ന. സേനയെ പിളർത്താനാണ് ബിജെപിയുടെ ശ്രമമെന്ന് സാമ്നയുടെ മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. എംഎൽഎമാരെ  ചാക്കിട്ട് പിടിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുവെന്നാണ് ആരോപണം. പണമുപയോഗിച്ച് എംഎൽഎമാരെ വശത്താക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിക്കുന്ന മുഖപത്രം ബിജെപിയെ വേട്ടക്കാരെന്നാണ് വിശേഷിപ്പിക്കുന്നത്. 

സംസ്ഥാനത്തെ രാഷ്ട്രീയ മൂല്യങ്ങൾ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഉദ്ദവ് താക്കറെ വിളിച്ചിരിക്കുന്ന യോഗത്തിന് ശേഷം എംഎൽഎമാരെ 5 സ്റ്റാർ ഹോട്ടലിലേക്ക് മാറ്റാൻ സേന നേതൃത്വം ആലോചിക്കുന്നുണ്ട്. ഭൂരിപക്ഷം എംഎൽഎമാരും ബിജെപിയോട് അനുഭാവമുള്ളവരാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. 20 എംഎൽഎമാരുമായി ബിജെപി രഹസ്യ ചർച്ച നടത്തിയെന്നാണ് സേന നേതൃത്വത്തിന്‍റെ കണക്ക്. 

105 സീറ്റുകളിൽ ജയിച്ച ബിജെപിയും 56 സീറ്റുകളിൽ ജയിച്ച സേനയും തമ്മിലുള്ള വടംവലി മൂലം മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം അനിശ്ചിത്വത്തിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് 13 ദിവസങ്ങൾ പിന്നിടുമ്പോഴും ഇരുപാർട്ടികൾക്കും പരസ്പര ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. 

എറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ എംഎൽഎമാർ സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്‍റെ നേതൃത്വത്തിൽ  ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കും. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് വിടില്ലെന്ന നിലപാടിലാണ് ബിജെപി നേതത്വം. ശിവസേനയുമായി മാത്രം മതി സഖ്യമെന്നാണ് ആർഎസ്എസ് നിർദ്ദേശം. നിതിൻ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോൾ പയറ്റുന്നത്. സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.  

നാളെ കാവൽ സർക്കാരിന്‍റെ കാലാവധി തീരുന്നതിനാൽ ഇന്ന് തന്നെ സേനയുമായി ധാരണയിലെത്താന്‍ കഴിയുമെന്ന ബിജെപി നേതാക്കളുടെ അവകാശവാദത്തിനിടെയാണ് സാമ്നയിലെ ലേഖനം. സമവായ ചർച്ചകൾ പോലും നടക്കുന്നില്ലെന്നാണ് ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ചയ് റാവത്ത് ഇന്നലെയും വ്യക്തമാക്കിയത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സേന. പരസ്യ പ്രസ്താവനകൾ ഇതാണെങ്കിലും ഉപമുഖ്യമന്ത്രി പദവും ധനകാര്യം, നഗരവികസനം, റവന്യൂ എന്നിങ്ങനെ പ്രധാന വകുപ്പുകളും കിട്ടിയാൽ സഹകരിക്കാമെന്നും സേനാക്യാമ്പിൽ ആലോചനയുണ്ട്.