രാജ്യത്തെ യഥാര്‍ത്ഥ തുക്ടെ തുക്ടെ ഗ്യാംങ് ബിജെപിയാണെന്ന് ഷിരോമണി അകാലിദള്‍ പ്രസിഡന്‍റ് സുഖ്ബിര്‍ സിംഗ് ബാദല്‍. രാജ്യത്തിന്‍റെ ഐക്യത്തെ വിദ്വേഷത്തിന്‍റെ പേരില്‍ ഭിന്നിപ്പിക്കുകയാണ് ബിജെപിയെന്നാണ് ആരോപണം. ഹിന്ദുക്കളെ ആദ്യം മുസ്ലിമുകള്‍ക്ക് എതിരാക്കി, ഇപ്പോള്‍ ഹിന്ദുക്കളെ സിഖ് സമുദായത്തിനും അതിരായി തിരിച്ചു, പ്രത്യേകിച്ച് കര്‍ഷകര്‍ക്കെതിരായിയെന്നാണ് ഷിരോമണി അകാലിദള്‍ പ്രസിഡന്‍റ്  ആരോപിക്കുന്നത്.ബിജെപിയുടെ ദീര്‍ഘകാലസഖ്യമായിരുന്നു അകാലി ദള്‍.

എന്‍ഡിഎ രൂപീകരിച്ച സമയം മുതല്‍ ബിജെപിക്ക് ഒപ്പമുള്ള  അകാലിദള്‍ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് സഖ്യം വിട്ടത്. രൂക്ഷമായ ആരോപണങ്ങളാണ് തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ സുഖ്ബിര്‍ സിംഗ് ബാദല്‍ ആരോപിക്കുന്നത്. അധികാരം ഒരു കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കെതിരായി ബിജെപി പ്രവര്‍ത്തിക്കുന്നത്. എതിര്‍ക്കുന്നവരെല്ലാം തന്നെ വിഘടനവാദികളായി ചിത്രീകരിക്കുകയാണ്.

അതുകൊണ്ട് തന്നെ തുക്ടെ തുക്ടെ ഗ്യാങ് എന്ന പേര് ചേരുക ബിജെപിക്കാണ്. പദ്മവിഭൂഷണ്‍ തിരികെ നല്‍കിയ പ്രകാശ് സിംഗ് ബാദലും കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ഹര്‍സിമ്രത് കൌര്‍ ബാദലും ദേശ ദ്രോഹികളാണോയെന്നും അകാലിദള്‍ ചോദിക്കുന്നു. കര്‍ഷക സമരത്തെ ഹിന്ദുക്കളും സിഖുകാരും തമ്മിലുള്ള സംഘട്ടനമായി ചിത്രീകരിക്കാനാണ് ചിലരുടെ ശ്രമമെന്നും സുഖ്ബിര്‍ സിംഗ് ബാദല്‍ ആരോപിക്കുന്നു.