Asianet News MalayalamAsianet News Malayalam

രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രമിച്ചു; ആരോപണവുമായി ഗെഹ്ലോട്ട്

കേന്ദ്രമന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ എംഎല്‍എമാരെ വശത്താക്കാന്‍ മധുരം നല്‍കിയത് നാണക്കേടുണ്ടാക്കിയെന്ന് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എ തന്നോട് പറഞ്ഞതായും ഗെഹ്ലോട്ട് പറഞ്ഞു.
 

BJP trying to topple Rajasthan Government: Ashok gehlot
Author
Jaipur, First Published Dec 6, 2020, 9:35 AM IST

ജയ്പുര്‍: രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി വീണ്ടും ശ്രമം നടത്തിയെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രമം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

അമിത് ഷായും പ്രധാനും ബിജെപി എംപി സയ്യിദ് സഫര്‍ ഇസ്ലാമിനോടൊപ്പം ചില കോണ്‍ഗ്രസ് എംഎല്‍എമാരെ കണ്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ചതുപോലെ രാജസ്ഥാനിലും സാധിക്കുമെന്ന് ഇവര്‍ എംഎല്‍എമാരോട് പറഞ്ഞതായി ഗെഹ്ലോട്ട് പറഞ്ഞു. ഒരുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. കേന്ദ്രമന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ എംഎല്‍എമാരെ വശത്താക്കാന്‍ മധുരം നല്‍കിയത് നാണക്കേടുണ്ടാക്കിയെന്ന് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എ തന്നോട് പറഞ്ഞതായും ഗെഹ്ലോട്ട് പറഞ്ഞു.

ജഡ്ജിമാരോട് സംസാരിക്കുന്നത് പോലെയാണ് ധര്‍മ്മേന്ദ്രപ്രധാന്‍ സംസാരിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം അട്ടിമറിച്ചെങ്കില്‍ ആറാമതും സാധ്യമാകുമെന്ന് അമിത് ഷാ പറഞ്ഞതായി ഗെഹ്ലോട്ട് ആരോപിച്ചു. മഹാരാഷ്ട്രയും ബിജെപി ലക്ഷ്യമിടുന്നു. പണവും ശക്തിയും ഉപയോഗിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപണമുന്നയിച്ചു. 

സിരോഹിയില്‍ കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം ചെയ്യവെയാണ് ഗെഹ്ലോട്ട് ആരോപണമുന്നയിച്ചത്. അതേസമയം കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്ന് ബിജെപി നേതൃത്വം മറുപടി നല്‍കി. 

Follow Us:
Download App:
  • android
  • ios