കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ ഭരണത്തില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാകില്ലെന്ന് ബിജെപി നേതാവ്. തെരഞ്ഞെടുപ്പ് പ്രശ്നങ്ങളില്ലാതെയും നീതിപൂര്‍വ്വം നടക്കാനുമായി പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ജിയ ആവശ്യപ്പെടുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് ഈ ആവശ്യമെന്നാണ് ബിജെപി നേതാവ് വിശദമാക്കുന്നത്. 

പശ്ചിമ ബംഗാളിലെ കേന്ദ്ര നിരീക്ഷകന്‍ കൂടിയാണ് കൈലാഷ് വിജയ്വര്‍ജിയ. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അക്രമത്തിന് ജനാധിപത്യത്തില്‍ ഇടമില്ല. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ പുറത്താക്കാനുള്ള മാര്‍ഗ്ഗമാണ് തെരഞ്ഞെടുപ്പ്. വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അക്രമ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യുമെന്നും  കൈലാഷ് വെള്ളിയാഴ്ച പറഞ്ഞതായാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കൈലാഷ് പറയുന്നു. തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ രാഷ്ട്രപതി ഭരണം വേണം. സ്വതന്ത്രമായുള്ള തെരഞ്ഞെടുപ്പ് ഈ അന്തരീക്ഷത്തില്‍ നടക്കില്ലെന്നും കൈലാഷ് ആരോപിക്കുന്നു.