​ഗാന്ധിന​ഗർ: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച്  പിറന്നാള്‍ ആഘോഷിച്ച ബിജെപി പ്രാദേശിക നേതാവടക്കം എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ​ഗുജറാത്തിലെ വഡോദരയിലുള്ള തുള്‍സിവാദ് മേഖലയിലാണ് സംഭവം. ഏഴാം വാര്‍ഡിലെ ബിജെപി പ്രസിഡന്റായ അനില്‍ പര്‍മറിന്റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷമാണ് അറസ്റ്റിലേക്ക് നയിച്ചത്. 

മനീഷ് പര്‍മര്‍, നകുല്‍ പര്‍മര്‍, ദക്ഷേഷ് പര്‍മര്‍, മെഹുല്‍ സോളങ്കി, ചന്ദ്രകാന്ത് ബ്രഹ്മറെ, രാകേഷ് പര്‍മര്‍, ധവാല്‍ പര്‍മര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ലോക്ക്ഡൗൺ ലംഘനം നടന്നതായി തെളിഞ്ഞതോടെ ചിത്രങ്ങളിലും വീഡിയോകളിലുമുണ്ടായിരുന്ന എട്ട് പേരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. 

ഇവരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കുമെന്ന് കരേലിബാഗ് എസ്ഐ അറിയിച്ചു. പ്രതികൾക്കെതിരെ പകര്‍ച്ചവ്യാധികള്‍ പടര്‍ത്താന്‍ കാരണമായി എന്ന കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 268, 270 വകുപ്പുകളും സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചതിന് 188ആം വകുപ്പും ചുമത്തിയിട്ടുണ്ട്.