മുംബൈ: വൻരാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ വൈറലായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ട്വീറ്റ്. എന്‍സിപിയുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന ഫട്നാവിസിന്‍റെ പഴയ ട്വീറ്റാണ് സമൂഹമാധ്യമങ്ങള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. 2014 സെപ്തംബര്‍ 26ന് ചെയ്ത ട്വീറ്റ് ഫട്നാവിസിന്‍റെ സത്യപ്രതിജ്ഞയോടെ വീണ്ടും വൈറലാവുകയാണ്.

ബിജെപി ഒരിക്കലും എന്‍സിപിയുമായി ഒരു തരത്തിലുള്ള സഖ്യമുണ്ടാക്കില്ല. അത്തരം പ്രചാരണങ്ങള്‍ പരപ്രേരിതമായ ഊഹങ്ങള്‍ മാത്രമാണ്. മറ്റുള്ളവര്‍ നിശബ്ദധരായിരുന്നപ്പോള്‍ എന്‍സിപിയുടെ അഴിമതി നിയമസഭയില്‍ തുറന്നുകാണിച്ചത് ബിജെപിയാണ്. എന്നായിരുന്നു ദേവേന്ദ്ര ഫട്നാവിസിന്‍റെ ട്വീറ്റ്. 

നിരവധിയാളുകളാണ് ട്വീറ്റിന് താഴെ ഫട്നാവിസിന് എതിരെ രൂക്ഷ പ്രതികരണം നടത്തുന്നത്. അജിത് പവാര്‍ എന്‍സിപിയില്‍ നിന്ന് പുറത്ത് പോകും അതിനാല്‍ പ്രശ്നമില്ലെന്നും എന്‍സിപിയുമായി ബന്ധമുണ്ടാക്കിയത് പിശാചിന് മഹാരാഷ്ട്രയുടെ ആത്മാവിനെ വിറ്റത് പോലെയാണെന്നും ട്വീറ്റിന് നിരവധി ആളുകള്‍ പ്രതികരണവുമായി എത്തുന്നുണ്ട്. 

എൻസിപി നേതാവ് അജിത് പവാറിന്‍റെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ ബിജെപി ഭരണം പിടിച്ചത് ഇന്ന് രാവിലെയാണ്. രാവിലെ എട്ട് മണിക്കാണ് രാജ് ഭവനില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. പുലര്‍ച്ചെ ആറുമണിക്കാണ് രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് പിന്‍വലിച്ചത്. ഭൂരിപക്ഷത്തിന് 145 സീറ്റ് ആവശ്യമുള്ളപ്പോള്‍ 170പേരുടെ പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്. കക്ഷിനില ഇങ്ങനെയാണ് ബിജെപി-105,ശിവസേന-56, എൻസിപി-54, കോൺഗ്രസ് - 44, മറ്റുള്ളവർ-29.