ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് ദില്ലിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. ദില്ലി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ നേതൃത്വത്തില്‍ അര്‍ധരാത്രിയില്‍ ഇന്ത്യാ ഗേറ്റിലാണ് ഭീമന്‍ കേക്ക് മുറിച്ച് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചത്. ആര്‍ട്ടികള്‍ 370, 35 എ എന്നിങ്ങനെ എഴുതിയ കേക്ക് ആണ് മുറിച്ചത്.

ദാമോദര്‍ ദാസിന്‍റെ വീട്ടില്‍ രാജ്യത്തെ സേവിക്കാനായി ഒരു കുഞ്ഞ് പിറന്ന ദിവസമാണ് ഇതെന്ന് മനോജ് തിവാരി പറഞ്ഞു. ഏറെക്കാലം മോദി രാജ്യത്തെ സേവിക്കണമെന്ന് രാജ്യം ഒന്നടങ്കം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 69-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആശംസപ്രവാഹമാണ്.

മോദിയുടെ അഭ്യുദയകാംഷികളും അനുഭാവികളുമടക്കമുള്ളവര്‍ ആശംസകളുമായെത്തിയതോടെ പ്രധാനമന്ത്രിയുടെ ജന്മദിനം ട്വിറ്റര്‍ ട്രെന്‍ഡിങ്ങിലേക്കും എത്തി. ഏഴ് വ്യത്യസ്ത ഹാഷ്ടാഗുകളിലാണ് ട്വിറ്ററില്‍ മോദിക്കുള്ള പിറന്നാളാശംസകള്‍ നിറയുന്നത്. അമുലിന്‍റെ #happybirthdaynarendramodi എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഒന്നാമത്.  69 അടി നീളമുള്ള കേക്ക് മുറിച്ചാണ്  ഭോപ്പാലിലെ ബിജെപി പ്രവര്‍ത്തകര്‍ മോദിയുടെ ജന്മദിനം ആഘോഷിച്ചത്.