മുംബൈ: അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ മഹാരാഷ്ട്രയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആഹ്ളാദപ്രകടനം. പടക്കം പൊട്ടിച്ചും ലഡുവിതരണവുമായി അണികള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ ആഹ്ളാദം പ്രകടിപ്പിക്കുകയാണ്.  തെരുവുകളില്‍ ഇറങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേവേന്ദ്രഫട്നാവിസ് തന്നെ രണ്ടാം വട്ടവും മുഖ്യമന്ത്രി പദത്തിലെത്തിയതിലെ സന്തോഷം പ്രകടിപ്പിക്കുന്നു. 

ഫലം വന്നിട്ട് ഏകദേശം ഒരുമാസത്തോളമായിട്ടും ഇതുവരേയും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിപദത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ശിവസേന മുന്നണിവിട്ടത് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണത്തിന് തിരിച്ചടിയായി.

ഇന്നലെ രാത്രിവരേയും എന്‍സിപി-കോണ്‍ഗ്രസ്- ശിവസേന സഖ്യം അധികാരത്തിലേറുമെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നുമുള്ള വാര്‍ത്തകളുമായിരുന്നു പുറത്തുവന്നത്. എന്നാല്‍ ഒരു രാത്രി കൊണ്ട് എല്ലാം മാറിമറിയുകയും അതിനാടകീയമായി ബിജെപി-അജിത് പവാറിന്‍റെ എന്‍സിപി സഖ്യം അധികാരത്തിലേറുകയും ചെയ്തു.