ചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന ഹരിയാനയില്‍ മിഷന്‍ 75 മുദ്രാവാക്യവുമായി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി. എന്നാല്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെയുള്ള ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാനുള്ള പ്രയത്നത്തിലാണ് കോണ്‍ഗ്രസ് അതേസമയം പ്രതിപക്ഷത്തെ ഭിന്നത അവര്‍ക്ക് തിരിച്ചടിയാവുന്നു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റുമായി അധികാരത്തിലെത്തിയ മുഖ്യമന്ത്രി മനോഹര്‍ലാല്‍ കട്ടാര്‍ മിഷൻ 75 എന്ന മുദ്രാവാക്യവുമായാണ് ഇക്കുറി ഇറങ്ങുന്നത്. ലോക്സഭയിലേക്ക് 58 ശതമാനം വോട്ടോടെ പത്തില്‍ പത്ത് സീറ്റും നേടാനായത് ബിജെപി ക്യാംപിന്‍റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. 

2014-ൽ മനോഹര്‍ ലാൽ കട്ടാറിനെ മുഖ്യമന്ത്രിയാക്കിയുള്ള ബി.ജെ.പി നീക്കം ഭരണതലത്തിലെ ജാട്ട് ആധിപത്യം തകര്‍ക്കുന്നതായിരുന്നു. ഇത്തവണയും അതേ തന്ത്രം തന്നെയാണ് പാര്‍ട്ടി പയറ്റുന്നത്. കാര്‍ഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ് ഉൾപ്പടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആയുധം.

എന്നാൽ പ്രതിപക്ഷത്തെ ഭിന്നത ബി.ജെ.പിക്ക് ഗുണമാകും. ജാട്ട് ഇതര മേഖലയായ യമുന നഗറും കര്‍ണാലും പാനിപ്പത്തും അംബാലയും ഉള്‍പ്പെടുന്ന വടക്കന്‍ ഹരിയാനയിലെ 23 ല്‍ 21 സീറ്റും കഴിഞ്ഞതവണ ബി.ജെ.പിക്ക് കിട്ടി. ആ മേൽക്കെ ഇത്തവയും ബി.ജെ.പി ആവര്‍ത്തിച്ചേക്കാം. 

രണ്ട് വട്ടം മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദര്‍ സിംഗ് ഹൂഡ തന്നെയാണ് ഇക്കുറിയും കോണ്‍ഗ്രസിനെ നയിക്കുന്നത്. സംസ്ഥാനത്തെ 46 ശതമാനത്തോളം വരുന്ന ദലിത്, ജാട്ട് വോട്ടുകളിൽ കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നു. ദലിത് നേതാവ് കുമാരി ഷെല്‍ജയെ പിസിസി അധ്യക്ഷയാക്കിയതും ഈ ഉന്നത്തോടെയാണ്. 

അതേസമയം 19 സീറ്റുമായി നിയമസഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായിരുന്ന ഐഎന്‍എല്‍ഡിയ്ക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. ബിജെപിയിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കും ചൗട്ടാല കുടുംബത്തിലെ ഭിന്നതയും കാര്യങ്ങള്‍ വഷളാക്കുന്നു.

സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ആം ആദ്മി പാര്‍ട്ടിയും ജെജെപിയും ബിഎസ്പിയും ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭിന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷം നല്‍കുന്ന ആനുകൂല്യം മുതലെടുക്കാനുള്ള കരുനീക്കങ്ങള്‍ ബിജെപി ശക്തമാക്കുന്നതോടെ പ്രതിപക്ഷത്തിന് ഹരിയാനയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല.