ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപിയിൽ എതിർപ്പ് ഉയരുന്നു. വിമർശനവുമായി പശ്ചിമ ബംഗാൾ വൈസ് പ്രസിഡന്റ് ചന്ദ്രകുമാർ ബോസ് രംഗത്തെത്തി. നിയമ ഭേദഗതിയിൽ നിന്ന് എന്തുകൊണ്ട് മുസ്ലിംങ്ങളെ ഒഴിവാക്കുന്നുവെന്ന് ചന്ദ്രകുമാർ ബോസ് ചോദിച്ചു. നടപടികൾ സുതാര്യമാകണം. ഇന്ത്യ എല്ലാ മതങ്ങൾക്കുള്ള ഇടമെന്നും ചന്ദ്രകുമാര്‍ ട്വീറ്റ് ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ അനന്തരവനാണ് ചന്ദ്രകുമാര്‍ ബോസ്.

ദേശീയ പൗരത്വ രജിസ്റ്റര്‍ ഉടന്‍ നടപ്പാക്കില്ലെന്നാണ് സൂചന. രാജ്യമാകെ എന്‍ആര്‍സി നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ ദില്ലി രാംലീല മൈതാനത്ത് നടന്ന റാലിക്കിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തിരുത്തിയിരുന്നു. എന്‍ആര്‍സിയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് കള്ളമാണെന്നും ഇത്തരമൊരു കാര്യം ആലോചിച്ചിട്ടില്ലെന്നുമാണ് മോദി പറഞ്ഞത്. ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാജ്യമാകെ എന്‍ആര്‍സി നടപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നത്.