നെറ്റി, മൂക്ക്, കവിള്‍, കണ്ണുകള്‍, പല്ല് എന്നിവിടങ്ങളില്‍ ചര്‍മ രോഗം പോലെയാണ് പൂപ്പല്‍ബാധ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീടത് കണ്ണുകളിലേക്കും തലച്ചോറ്, ശ്വാസകോശം എന്നിവിടങ്ങളിലേക്കും പടരും.

ദില്ലി: ബ്ലാക്ക് ഫംഗസ് രോഗബാധയെ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. 

കൊവിഡ് മുക്തരാകുകയും ചികിത്സയിലിരിക്കുകയും ചെയ്യുന്ന രോഗികളിൽ മ്യൂക്കോര്‍മൈക്കോസിസ് ബാധയുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി, ആന്ധ്ര, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം ആശങ്കയുയർത്തിയിട്ടുണ്ട്. 

നെറ്റി, മൂക്ക്, കവിള്‍, കണ്ണുകള്‍, പല്ല് എന്നിവിടങ്ങളില്‍ ചര്‍മ രോഗം പോലെയാണ് പൂപ്പല്‍ബാധ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീടത് കണ്ണുകളിലേക്കും തലച്ചോറ്, ശ്വാസകോശം എന്നിവിടങ്ങളിലേക്കും പടരും. മൂക്കിന് ചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്യും. നെഞ്ചുവേദന, ശ്വാസതടസം, ചുമച്ച് ചോരതുപ്പല്‍ എന്നിവയും ബ്ലാക്ക് ഫംഗസ് രോഗലക്ഷണമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona