മുംബൈ: നിങ്ങളുടെ രക്തം നൽകൂ, ഞങ്ങൾ ഒരു കിലോ പനീറോ ചിക്കനോ നിങ്ങൾക്ക് നൽ‌കാം - കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുംബൈയിൽ പലയിടങ്ങളിലായി മറാത്തി ഭാഷയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ തർജ്ജിമയാണ്. ഭരണകക്ഷിയായ ശിവസേനാ നേതാവായ സമാധാൻ സാദ വർവാങ്കറാണ് ഈ പോസ്റ്ററിന് പിന്നിൽ, ലക്ഷ്യം രക്തദാനത്തിന് ജനങ്ങളെ ആശുപത്രികളിലേക്ക് എത്തിക്കുക എന്നതാണ്. 

ന​ഗരത്തിലെ രക്തബാങ്കുകളിലെല്ലാം എല്ലാ ​ഗ്രൂപ്പിൽപ്പെട്ട രക്തവും കുറവാണ്. രക്തം ദാനം ചെയ്യാൻ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നതുതന്നെ  കാരണം. കൊവിഡ് വ്യാപനത്തെ തുടർന്നാണ് രക്തദാനത്തിന് ആളുകൾ സന്നദ്ധരാവാത്ത അവസ്ഥയുണ്ടായത്. സാധാരണയായ ഒ പോസിറ്റീവ്, ബി പോസിറ്റീവ് എന്നീ രക്ത ​ഗ്രൂപ്പുകൾ ദിവസവും ആവശ്യമുണ്ട്. ക്യാൻസർ, താലിസീമിയ രോ​ഗികൾക്കോ അപകടത്തിൽപ്പെടുന്നവർക്കോ ഇത് ഉടനടി ആവശ്യമായി വരും. 

'ന​ഗരത്തിൽ രക്തം അത്യാവശ്യമാണ്. ഇത് ആളുകളെ രക്തദാനത്തിന് എത്തിച്ചേക്കും' - സർവാങ്കർ പറഞ്ഞു. അതേസമയം രകതബാങ്കുകൾ കാലിയായത് ശിവസനേയുടെ ഭരണത്തിന്റെ പോരായ്മയാണെന്ന് ബിജെപി ആരോപിച്ചു. ഡിസംബർ 13ന് 10 മണി മുതൽ മുംബൈയിലെ ന്യൂ പ്രഭാദേവി റോഡിൽ രാജ്ഭാഹു സാൽവി ​ഗ്രൗണ്ടിൽ വച്ചാണ് രക്തദാനക്യാമ്പ് നടക്കുന്നത്.