ഭുവനേശ്വര്‍: കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അമ്മയുടെയും ഗര്‍ഭിണിയായ മകളുടെയും മൃതദേഹങ്ങള്‍ തെരുവില്‍ കിടന്നത് നാല് ദിവസം. കൊലപാതകം പൊലീസ് മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് സംഭവം. ഒഡീഷയിലെ കേന്ദ്രപര ജില്ലയിലെ ഉള്‍ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ നാല് ദിവസം തെരുവില്‍ കിടന്നതെന്ന് പൊലീസ് പറഞ്ഞു. 

സെപ്തംബര്‍ 19 മുതല്‍ 45കാരിയായ പ്രമീള നാഥിനെയും 22 കാരിയായ മകള്‍ സത്യപ്രിയയെയും കാണാനില്ലായിരുന്നു. പിറ്റേന്ന് ഇരുവരുടെയും മൃതദേഹം ഗ്രാമത്തിലെ ഒരു കുളത്തില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സത്യപ്രിയ ഗര്‍ഭിണിയാണെന്ന് വ്യക്തമായി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. എന്നാല്‍ അമ്മയും മകളും കൊല്ലപ്പെട്ടതാണെന്നും പൊലീസ് കൊലപാതകം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയായിരുന്നു. 

സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം ദുരൂഹമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിനും കേസെടുത്ത പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.