സംയുക്തസേനാമേധാവി ബിപിൻ റാവത്തടക്കം 13 പേ‍ർ മരണപ്പെട്ട കൂനൂരിലെ ഹെലികോപ്റ്റ‍ർ അപകടത്തിൽ ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാൾ ​വ്യോമസേനയിലെ ​ഗ്രൂപ്പ് ക്യാപ്റ്റനായ വരുൺ സിം​ഗായിരുന്നു.

ഭോപ്പാൽ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്കാരം ഇന്ന് നടക്കും. ബംഗ്ലൂരു യെലഹങ്ക എയർബേസിൽ എത്തിച്ച വരുൺ സിം​ഗിൻ്റെ മൃതദേഹത്തിന് സേനാംഗങ്ങൾ അന്ത്യാഞ്ജലി നൽകി. വരുൺ സിം​ഗ് ജോലി ചെയ്തിരുന്ന സുളൂരുവിലെ വ്യോമസേന ബേസിലെ വ്യോമസേനാ ഉ​ദ്യോ​ഗസ്ഥരും ധീരനായ സഹപ്രവ‍ർത്തകന് യാത്രാമൊഴി ചൊല്ലാനായി ബെം​ഗളൂരുവിൽ എത്തി. ഔദ്യോ​ഗിക അന്തിമോപാചാരം അ‍ർപ്പിച്ച ശേഷം വരുൺ സിം​ഗിൻ്റെ മൃതദേഹം സൈനിക വിമാനത്തിൽ ഭോപ്പാലിലേക്ക് കൊണ്ടു പോയി. ഇവിടെയാണ് സംസ്കാരചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. വരുൺ സിങ്ങിന്റെ അടുത്ത ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാനായി ബംഗ്ലൂരുവിലെത്തിയിരുന്നു. 

സംയുക്തസേനാമേധാവി ബിപിൻ റാവത്തടക്കം 13 പേ‍ർ മരണപ്പെട്ട കൂനൂരിലെ ഹെലികോപ്റ്റ‍ർ അപകടത്തിൽ ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാൾ ​വ്യോമസേനയിലെ ​ഗ്രൂപ്പ് ക്യാപ്റ്റനായ വരുൺ സിം​ഗായിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ അദ്ദേഹത്തെ അതീവ ​ഗുരുതരാവസ്ഥയിൽ ആദ്യം ഊട്ടിയെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് എയ‍ർ ആംബുലൻസ് മുഖാന്തരം ബാം​ഗ്ലൂരുവിലെ എയർ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയുടെ ആദ്യഘട്ടങ്ങളിൽ വരുൺ സിം​ഗ് മരുന്നുകളോടെ നല്ല രീതിയിൽ പ്രതികരിച്ചെങ്കിലും പിന്നീട് രക്തസമ്മ‍ർദ്ദത്തിലുണ്ടായ വ്യതിയാനം വെല്ലുവിളിയായി. ചൊവ്വാഴാച രാത്രിയോടെ ആരോ​ഗ്യനില വഷളാവുകയും ഇന്നലെ രാവിലെയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ആരോ​ഗ്യസ്ഥിതി മോശമായെന്ന വിവരം ലഭിച്ചതിനെ തുട‍ർന്ന് വരുണ്‍ സിങ്ങിന്‍റെ പിതാവ് റിട്ടേയര്‍ഡ് കേണ്‍ല്‍ കെ പി സിങ്ങും അടുത്ത ബന്ധുക്കളും പുലര്‍ച്ചയോടെ ബംഗ്ലൂരുവില്‍ എത്തിയിരുന്നു. വരുണ്‍ സിങ്ങിന്‍റെ സഹോദരന്‍ നാവികസേനയിലാണ്. 

പറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്ന തേജസ് വിമാനം അസാധാരണ ധൈര്യത്തോടെ സാങ്കേതിക തകരാ‍ർ പരിഹരിച്ച് സുരക്ഷിതമായി താഴെയിറക്കിയതോടെയാണ് വ്യോമസേനയിൽ വരുൺ സിം​ഗ് പേരെടുക്കുന്നത്. ഈ സംഭവത്തെ തുട‍ർന്ന് ശൗര്യചക്ര ബഹുമതി നൽകി രാജ്യം ഈ ധീരസൈനികനെ ആദരിച്ചു. ഇന്ത്യൻ വ്യോമസേനയിലെ ഏറ്റവും യുദ്ധവിമാനപൈലറ്റുമാരിൽ ഒരാളായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ അഭിമാനപദ്ധതിയായ ​ഗ​ഗൻയാനിലേക്ക് അദ്ദേഹത്തെ പരി​ഗണിച്ചിരുന്നുവെങ്കിലും ആരോ​ഗ്യപരമായ കാരണങ്ങൾ പിന്നീട് പിൻവാങ്ങിയിരുന്നു, 

രാജ്യം ശൗരചക്ര നല്‍കി ആദരിച്ച സൈനികനാണ് വിടപറയുന്നത്. വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു അദ്ദേഹം. സംയുക്ത സൈനിക മേധാവിയെ സ്വീകരിക്കനാണ് സുലൂര്‍ വ്യോമതാവളത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് എന്നിവര്‍ വരുൺ സിം​ഗിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.