ഫ്യുവൽ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന ഭാഗമായ ത്രോട്ടിൽ കണ്‍ട്രോള്‍ മൊഡ്യൂള്‍ ആണ് രണ്ടു തവണ മാറ്റിവെച്ചത്
ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ അവ്യക്തത തുടരുന്നു. അഹമ്മദാബാദിൽ തകര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനത്തിലെ ത്രോട്ടിൽ കണ്‍ട്രോള്‍ മൊഡ്യുള്‍ രണ്ടു തവണ മാറ്റിവെച്ചിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. ഫ്യുവൽ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ത്രോട്ടിൽ കണ്‍ട്രോള്‍ മൊഡ്യൂള്‍.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെയാണ് രണ്ടു തവണ മാറ്റിവെച്ചതെന്നതിലാണ് സംശയം ഉയരുന്നത്. 2019ൽ ബോയിങ് വിമാന കമ്പനിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ടു തവണയും മാറ്റിവെച്ചത്. ആദ്യം 2019ലും പിന്നീട് 2023ലുമാണ് ത്രോട്ടിൽ കണ്‍ട്രോള്‍ മൊഡ്യുള്‍ മാറ്റിവെച്ചതെന്നാണ് എഎഐബിയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.
സ്വിച്ചുകളുടെ തകരാർ കൊണ്ടല്ല മാറ്റി വച്ചതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നതെങ്കിലും എന്തുകൊണ്ടാണ് രണ്ടു തവണ മാറ്റിയതെന്ന കാരണം വ്യക്തമാക്കുന്നില്ല. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടിൽ വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ ഫ്യൂവൽ കണ്‍ട്രോള്‍ സ്വിച്ചുകള്‍ കട്ട് ഓഫ് മോഡിലേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന സാധ്യതയാണ് പറയുന്നത്. ഇതിനാൽ തന്നെ ഫ്യുവൽ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന മൊഡ്യൂള്‍ രണ്ടു തവണ മാറ്റിവെച്ചുവെന്നതിലും അവ്യക്തത ഏറുകയാണ്.
2019ൽ ഡ്രീംലൈനര്‍ വിഭാഗത്തിലുള്ള വിമാനങ്ങളുടെ മെയിന്‍റന്‍സ് സംബന്ധിച്ച മാറ്റംവരുത്തിയ നിര്‍ദേശങ്ങള്‍ (മെയിന്‍റനൻസ് പ്ലാനിങ് ഡോക്യൂമെന്‍റ്) ബോയിങ് വിമാന കമ്പനി പുറത്തിറക്കിയിരുന്നുവെന്നാണ് പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ 24000 ഫ്ലൈറ്റ് മണിക്കൂറുകള്‍ക്കിടെ ത്രോട്ടിൽ കണ്‍ട്രോള്‍ സ്വിച്ചുകള്‍ മാറ്റണമെന്ന നിര്‍ദേശം കണക്കിലെടുത്താണ് രണ്ടു തവണ മാറ്റിയത്. ത്രോട്ടിൽ കണ്‍ട്രോള്‍ മൊഡ്യുള്‍ മാറ്റിവെച്ചതിന് ഫ്യുവൽ സ്വിച്ചുകളുടെ പ്രശ്നവുമായി ബന്ധമില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.
അതേസമയം, ഫ്യുവൽ കണ്‍ട്രോള്‍ സ്വിച്ചുകള്‍ സുരക്ഷിതമാണെന്നും അന്വേഷണവും പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നുമാണ് ബോയിങ് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിയമപോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കൊല്ലപ്പെട്ട യു കെ പൗരന്മാരുടെ കുടുംബങ്ങൾ വ്യക്തമാക്കി.
എയര്‍ ഇന്ത്യ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് അംഗീകരിക്കില്ലെന്നും കിസ്റ്റോൺ ലോയെന്ന നിയമസ്ഥാപനം മുഖേന ഉടൻ ഹർജി നൽകുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ബോയിംഗിനെതിരെ ലണ്ടനിലും എയർ ഇന്ത്യക്കെതിരെ ഇന്ത്യയിലും കോടതികളെ സമീപിക്കും. കൊല്ലപ്പെട്ട പൈലറ്റുമാരെ ഉന്നമിടുന്നത് ഗൂഢനീക്കമാണ്. ബോയിംഗിന്‍റെ എഞ്ചിനിലെ തകരാറോ അറ്റകുറ്റപ്പണിയിൽ എയർ ഇന്ത്യ വരുത്തിയ വീഴ്ചയോ പരിശോധിക്കപ്പെടുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.


