മുംബൈ മേയർ ഋതു താവ്ഡെയുടെ ഓഫീസിലേക്കും പ്രമുഖ വ്യക്തികൾക്ക് നേരെയും ബോംബ് ആക്രമണ ഭീഷണി. മേയറുടെ ഓഫീസിലേക്ക് വെള്ളിയാഴ്ച രാവിലെ ലഭിച്ച ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്
മുംബൈ: മുംബൈ മേയർ ഋതു താവ്ഡെയുടെ ഓഫീസിലേക്കും പ്രമുഖ വ്യക്തികൾക്ക് നേരെയും ബോംബ് ആക്രമണ ഭീഷണി. മേയറുടെ ഓഫീസിലേക്ക് വെള്ളിയാഴ്ച രാവിലെ ലഭിച്ച ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ വസതി, നഗരത്തിലെ പ്രമുഖ സ്കൂളുകൾ എന്നിവിടങ്ങളിൽ സ്ഫോടനവും ആക്രമണവും നടത്തുമെന്നാണ് ഭീഷണിയിൽ പറയുന്നത്. ഖലിസ്ഥാൻ നാഷണൽ ആർമി എന്ന പേരിലുള്ള സംഘടനയുടെ പേരിലാണ് സന്ദേശം വന്നിട്ടുള്ളത്. നഗരത്തിലെ സ്കൂളുകൾക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തുമെന്നും ഭീഷണിയുണ്ട്.
ഭീഷണി സന്ദേശം ലഭിച്ചയുടൻ മുംബൈ പോലീസും സുരക്ഷാ ഏജൻസികളും ശക്തമായ തിരച്ചിൽ ആരംഭിച്ചു. ബോംബ് ഡിസ്പോസൽ സ്ക്വാഡും ഡോഗ് സ്ക്വാഡും ഭീഷണി സന്ദേശത്തിൽ പരാമർശിച്ചിട്ടുള്ള മേഖലകളിൽ വിശദമായ പരിശോധന നടത്തി. ഇതുവരെ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് വ്യക്തമാക്കി.
മുൻകരുതൽ നടപടിയായി അമിതാഭ് ബച്ചന്റെ വസതിക്കും, മേയറുടെ ഓഫീസിനും, പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയുന്നതിനുമായി മുംബൈ പോലീസിന്റെ സൈബർ സെൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.










