മുംബൈ: കൊവിഡ് വ്യാപനത്തിന് പിന്നാലെ ജോലിഭാരം അധികമായത് വൈവാഹിക ജീവിതത്തെ ബാധിച്ചുവെന്ന് കാണിച്ച് ഭര്‍ത്താവിനെതിരെ ഭാര്യ ഫയല്‍ ചെയ്ത പരാതിയിലെ എഫ്ഐആര്‍ റദ്ദാക്കി കോടതി. മഹാരാഷ്ട്രയിലെ പൂനെയിലെ മൈക്രോബയോളജിസ്റ്റാണ് ഗാര്‍ഹിക പീഡനത്തിന് ഡോക്ടറായ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ജോലിഭാരം അധികരിച്ചു. ഇതുമൂലം സമ്മര്‍ദ്ദം കൂടി. ഇതോടെ രണ്ടുപേര്‍ക്കുമിടയില്‍ തെറ്റിധാരണകള്‍ ഉണ്ടായിയെന്നും ഇത് ഗാര്‍ഹിക പീഡനത്തിലെത്തിയെന്നുമായിരുന്നു പരാതി. 

മുംബൈ ഹൈക്കോടതിയാണ് ഈ കേസിലെ എഫ്ഐആര്‍ റദ്ദാക്കിയത്. തെറ്റിധാരണകള്‍ നീക്കി ഒന്നിച്ച് പോകാന്‍ ദമ്പതികള്‍ തീരുമാനിച്ചതോടെയാണ് എഫ്ഐആര്‍ റദ്ദാക്കിയത്. ദമ്പതികളോട് ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡേയും എംഎസ് കര്‍ണികും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ 18 മണിക്കൂറിന് മുകളിലായിരുന്നു ജോലി ചെയ്യേണ്ടി വന്നത്. സമ്മര്‍ദ്ദവും അധികമായിരുന്നു. രണ്ട് പേര്‍ക്കിടയില്‍ തെറ്റിധാരണകള്‍ കൂടി വന്നതോടെ കലഹമാവുകയായിരുന്നുവെന്ന് ഭാര്യ കോടതിയോട് വിശദമാക്കി. 

ഇരുപത് വര്‍ഷമായി വിവാഹിതരായി കഴിയുന്ന ദമ്പതികളായ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. കേസ് പിന്‍വലിക്കാന്‍ സ്വമനസാലെ തയ്യാറായതാണോയെന്ന് കോടതി ഭാര്യയോട് തിരക്കി. തെറ്റിധാരണകള്‍ നീക്കി സെപ്തംബര്‍ മുതല്‍ ഭര്‍തൃവീട്ടിലാണ് താമസിക്കുന്നതെന്ന് ഭാര്യ കോടതിയെ അറിയിച്ചു. മഹാമാരി സമയത്ത് സര്‍ക്കാര്‍ ആശുപത്രികളിലെയും മറ്റ് മേഖലകളിലും ജോലി ചെയ്യുന്നവര്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ വാദം തടസപ്പെടുത്താന്‍ അഭിഭാഷകരിലൊരാള്‍ ശ്രമിച്ചുവെങ്കിലും എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.