ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവെച്ചിരുന്നു. ഇതിനെതുടർന്നാണ് പൊലീസ് കേസെടുത്തത്. 

ഔറം​ഗബാദ്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പരസ്യമായി ജന്മദിനാഘോഷം നടത്തിയ മുൻ മേയറെ വിമർശിച്ച് ബോംബെ ഹൈക്കോടതി. ഔറം​ഗബാദ് മുൻ മേയർ നന്ദകുമാർ ​ഖോഡലെയാണ് കോടതിയുടെ രൂക്ഷവിമർശനം നേരിട്ടത്. മെയ് 4നായിരുന്നു ജന്മദിനാഘോഷം. ''ജനപ്രതിനിധികൾ മാതൃകയായി പെരുമാറണം. മുന്നിൽ നിന്ന് നയിക്കേണ്ടവരും മാതൃകകളായി പെരുമാറേണ്ടവരും പരസ്യമായി ആഘോഷം നടത്തി അഭിമാനിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.'' കൊവി‍ഡ് നിയന്ത്രണങ്ങളക്കുറിച്ചുള്ള വാദം കേൾക്കുന്നതിനിടെ ജസ്റ്റീസ് ആർ വി ​ഗു​​ഗെ, ജസ്റ്റീസ് ബി യു ദേബാദ്വർ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. 

നന്ദകുമാർ ഖോഡലക്കും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന 30 പേർക്കുമെതിരെ ഔറം​ഗബാദ് പൊലീസ് കേസെടുത്തു. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവെച്ചിരുന്നു. ഇതിനെതുടർന്നാണ് പൊലീസ് കേസെടുത്തത്. കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിൽ പൊതുജനങ്ങൾ ഭരണ സംവിധാനത്തെ കുറ്റപ്പെടുത്തുന്നതിനിടയിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. താടിക്ക് താഴെയാണ് മിക്കവരും മാസ്ക് ധരിക്കുന്നത്. പൗരൻമാരെ സം​രക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. അതേ സമയം പൗരൻമാർ തങ്ങളോടും കുടുംബാം​ഗങ്ങളോടും ഉത്തരവാദിത്വമില്ലെന്ന രീതിയിൽ പെരുമാറുന്നത് വളരെ ദൗർഭാ​ഗ്യകരമാണെന്നും കോടതി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona