48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതിനെ തുടർന്ന് 59-കാരനായ പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജയിലിലെ സാഹചര്യങ്ങൾ പ്രതിയുടെ ആരോഗ്യനില കൂടുതൽ വഷളാക്കുമെന്നും മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാൾക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 59-കാരനായ രാധാമോഹൻ മിശ്രയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജയിലിലായ ശേഷം രാധാമോഹൻ മിശ്രയുടെ ശരീരഭാരം 21 കിലോഗ്രാം കുറഞ്ഞുവെന്നത് ആശങ്കാജനകമായ അവസ്ഥയാണെന്ന് നിരീക്ഷിച്ചാണ് കോടതി തീരുമാനം എടുത്തത്. തടവിൽ കഴിയവേ ഛർദ്ദി, തലകറക്കം, ബോധക്ഷയം, നിർജ്ജലീകരണം, കടുത്ത തളർച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പ്രതി നേരിട്ടതായി കോടതി ചൂണ്ടിക്കാട്ടി. വെറും 48 ദിവസത്തെ ജയിൽവാസത്തിനിടെ 21 കിലോഗ്രാം തൂക്കം കുറഞ്ഞത് സാധാരണ നിലയിൽ പോലും ആരോഗ്യത്തിന് ഏറെ അപകടകരമാണെന്നും പ്രതിയുടെ നിലവിലെ ഗുരുതര സാഹചര്യത്തിൽ ഇത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
തുടർന്നും കസ്റ്റഡിയിലോ അല്ലെങ്കിൽ ജയിൽ ആശുപത്രിയിലോ കഴിയുന്നത് പ്രതിയുടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തവിധം തകരാൻ ഇടയാക്കുമെന്ന് ജസ്റ്റിസ് മിലിന്ദ് ജാദവിന്റെ ബെഞ്ച് നിരീക്ഷിച്ചു. ആരോഗ്യ കാരണങ്ങളാൽ ജാമ്യം തേടുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാറുണ്ടെന്ന കാര്യം മനസ്സിലാക്കുന്നുവെങ്കിലും, ഇത്തരം വ്യക്തമായ സാഹചര്യങ്ങളിൽ ജാമ്യം നിയമമാണ് എന്ന തത്വം നടപ്പിലാക്കണമെന്ന് കോടതി നിരീക്ഷിച്ചു. മാസങ്ങൾ മാത്രം നീണ്ട ജയിൽവാസം രാധാമോഹൻ മിശ്രയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വിദഗ്ദ്ധ ചികിത്സയും കൃത്യമായ ഭക്ഷണക്രമവും നിരന്തരമായ പരിചരണവും ഇയാൾക്ക് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ജൂണിലാണ് രാധാമോഹൻ മിശ്ര അറസ്റ്റിലായത്. അയൽക്കാരുമായുള്ള തർക്കത്തെ തുടർന്ന് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തുവെന്നാണ് കേസ്. ആമാശയത്തിന്റെ 80 ശതമാനവും നീക്കം ചെയ്യുന്ന സ്ലീവ് ഗാസ്ട്രെക്ടമി ശസ്ത്രക്രിയയ്ക്ക് 2025-ൽ താൻ വിധേയനായിട്ടുണ്ടെന്നും ദ്രവ രൂപത്തിലുള്ള ഭക്ഷണ ക്രമമാണ് പിന്തുടരേണ്ടതെന്നും പ്രതി കോടതിയെ ബോധിപ്പിച്ചു. ജയിലിൽ ഇത് സാധ്യമാകാത്തതാണ് പെട്ടെന്നുള്ള രോഗാവസ്ഥയ്ക്കും തൂക്കക്കുറവിനും കാരണമായതെന്നും ഇത് ജീവന് അപകടകരമാണെന്നും വാദിച്ചു. എന്നാൽ ജയിലിൽ ചികിത്സ നൽകാം എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ പ്രോസിക്യൂഷന്റെ വാദം തള്ളിയ ജഡ്ജി ജയിലുകളിലെ തിരക്കും അവിടുത്തെ സാഹചര്യങ്ങളും തനിക്ക് നന്നായി അറിയാമെന്ന് വ്യക്തമാക്കി. വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന ആളുടെ ചികിത്സയും സ്വതന്ത്രനായ ഒരു പൗരന് ലഭിക്കുന്ന പരിചരണവും തമ്മിൽ വലിയ ഗുണനിലവാര വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, രണ്ട് ലക്ഷം രൂപയുടെ ബോണ്ടിൽ പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
