മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും മതസ്പർദ്ധയും പരത്തിയെന്ന കേസിൽ നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി. 

കേസിൽ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാരിനെ അനുസരിച്ചില്ലെങ്കിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ എന്ന് കോടതി ചോദിച്ചു. ക്രിമിനൽ വകുപ്പുകളെക്കുറിച്ച് പൊലീസുദ്യോഗസ്ഥർക്ക് ക്ലാസെടുക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.

എന്നാൽ ജനുവരി എട്ടിന് ബാന്ദ്രാ പൊലീസിന് മുന്നിൽ  ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവരോടും കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇനി സമൂഹമാധ്യമങ്ങളൂടെ പ്രതികരിക്കില്ലെന്ന് കങ്കണ ഉറപ്പ് നൽകി.  

തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് തടയണം എന്നീ ആവശ്യങ്ങളുമായാണ് കങ്കണയും സഹോദരിയും കോടതിയെ സമീപിച്ചത്. ഹർജി ജനുവരി 11ന് വീണ്ടും പരിഗണിക്കും.