ധർഭംഗ: ടിക് ടോക് വീഡിയോ പകർത്താൻ, പ്രളയത്തിൽ വെള്ളം കയറിയ പുഴയിലേക്ക് എടുത്തുചാടിയ ആൺകുട്ടി മുങ്ങിമരിച്ചു. ബീഹാറിലെ ധർഭംഗ ജില്ലയിലാണ് സംഭവം. അദൽപുർ ഗ്രാമവാസിയായ അഫ്‌സലാണ് മരിച്ചത്.

സുഹൃത്തുക്കളായ കാസിം, സിതാർ എന്നിവർക്കൊപ്പമാണ് ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചത്. കിയോട്ടി ബ്ലോക്കിൽ പ്രളയത്തെ തുടർന്ന് വെള്ളംപൊങ്ങിയ പുഴയിലേക്ക് എടുത്തുചാടി.

വെള്ളത്തിൽ കിടന്ന് സംഘട്ടനം ചിത്രീകരിക്കാനായിരുന്നു ശ്രമം. ഇവരുടെ മൊബൈൽ ഫോണിൽ ഈ രംഗങ്ങൾ പകർത്തപ്പെട്ടിരുന്നു. കാസിം വെള്ളത്തിലേക്ക് എടുത്തുചാടുന്നതും പിന്നീട് വെള്ളത്തിൽ നിലകിട്ടാതെ കൈകാലിട്ടടിക്കുന്നതും പൊലീസ് കണ്ടെത്തി. കാസിമിനെ രക്ഷിക്കാനാണ് അഫ്‌സൽ വെള്ളത്തിലേക്ക് ചാടിയത്.

എന്നാൽ കാസിം രക്ഷപ്പെടുകയും അഫ്‌സൽ വെള്ളത്തിൽ മുങ്ങിത്താഴുകയുമായിരുന്നു. കുട്ടികളുടെ അലർച്ച കേട്ട് ഓടിയെത്തിയ ആൾക്കൂട്ടത്തിൽ പലരും പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും അഫ്സലിനെ കണ്ടെത്താനായില്ല.

കേന്ദ്ര ദുരന്ത നിവാരണ സംഘം എത്തി തെരഞ്ഞപ്പോഴാണ് മൃതദേഹം കിട്ടിയത്. കുട്ടികളുടെ പക്കലുണ്ടായിരുന്ന ഫോണിൽ പുഴയിലേക്ക് എടുത്തുചാടുന്നതിന്റെ നിരവധി വീഡിയോകൾ ഉണ്ടായിരുന്നു.