ദേവദുര്‍ഗ: നിറഞ്ഞൊഴുകിയ പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായ 'ബാലന്'  ധീരതയ്ക്കുള്ള പുരസ്കാരം. കർണാടകയിലെ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോൾ ആംബുലൻസിനു വഴികാട്ടിയ ആറാം ക്ലാസുകാരൻ വെങ്കിടേഷിനാണ് സംസ്ഥാന സർക്കാരിന്‍റെ ധീരതയ്ക്കുള്ള പുരസ്കാരമായ ശൗര്യ അവാര്‍ഡ് നല്‍കിയത്. 

റെയ്ച്ചൂരിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ഡെപ്യൂട്ടി കമ്മീഷണർ ശരത് ബി വെങ്കിടേഷിന് പുരസ്കാരം സമ്മാനിച്ചു.കഴിഞ്ഞ ആഴ്ചയാണ് പുരസ്കാരത്തിന് അർഹമായ സംഭവം നടന്നത്. നിറഞ്ഞാഴുകിയ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്‍ വെള്ളം കയറിയതോടെയാണ്  ആംബുലന്‍സ് വഴി കാണാതെ വലഞ്ഞത്. പുഴയേത് പാലമെത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു കുത്തൊഴുക്ക്. യാദ്ഗിര്‍ ജില്ലയിലെ മച്ചനൂരൂ ഗ്രാമത്തിലേക്ക് എത്തിയതായിരുന്നു ആംബുലന്‍സ്.

ഡ്രൈവർ കുഴങ്ങി നിൽക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലൻസിനു മുന്നിൽ ഓടി വെങ്കിടേഷ് വഴി കാട്ടിയത്. അരയോളം വെള്ളത്തിൽ കഷ്ടപ്പെട്ടാണ് ബാലൻ ഓടിയത്. ഓടിയും നടന്നും വീണും പാലത്തില്‍ വഴികാട്ടിയാവുന്ന ബാലന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.