മൗണ്ട് അബു: ആത്മീയ സംഘടനയായ ബ്രഹ്മകുമാരീസ് മേധാവി ദാദി ജാനകി അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൗണ്ട് അബുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഇവര്‍ക്ക് 104 വയസായിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍റെ സ്വച്ഛ് ഭാരത മിഷന്‍റെ ബ്രാന്‍റ് അംബാസിഡറായിരുന്നു ദാദി ജാനകി. വെള്ളിയാഴ്ച വൈകീട്ട് 3.30ന് ശവസംസ്കാര ചടങ്ങുകള്‍ നടക്കും.

ദാദി ജാനകിയുടെ പേരിലുള്ള ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണ വിവരം ലോകത്തെ അറിയിച്ചത്. ആ ആത്മാവ് ദൈവത്തിന്‍റെ മടിത്തട്ടിലേക്ക് മടങ്ങി, ഇത് ആത്മീയ സേവകയും അതിലുപരിയുമായ അവര്‍ക്ക് നിശബ്ദമായി ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സമയമാണ്- ദാദി ജാനകിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

1916ലാണ് ജാനകി ജനിച്ചത്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി ദാദിയുടെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സ്ത്രീശക്തീകരണത്തിന് ദാദി ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തതാണെന്ന് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു.